തളിരുകൾ

29 October 2017

Open

ജീവിതദിശയിൽ,കണ്ണെത്താത്ത എവിടെയോ നമ്മുടെ സ്വപ്നങ്ങളെ ചേർത്തുവയ്ക്കുന്നവരാണ് നാം. ഓർമകളിൽ പിമ്പോട്ടുനോക്കി ആഴിയുടെ സമ്മർദ്ദങ്ങളിൽ വീർപ്പുമുട്ടാറുമുണ്ട്. അവിടെയൊക്കെ, തീർത്തും അപരിചിതമാകുന്നത് നമ്മുടെതന്നെ ജീവിതരഹസ്യമാണ്. കുഞ്ഞുങ്ങളായി വളർന്ന്, കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയവർ; ബാല്യകൗമാരങ്ങൾ എന്തെന്നുപോലും അറിയാതെ, കുരുന്നിലെ ജീവിതത്തിന്റെ  ചുമടേറ്റെടുത്തവർ;  പലവിധേന വിവസ്ത്രരാക്കപ്പെട്ട് അധികാരത്തിന്റെയും   ബലത്തിന്റെയും കാൽച്ചുവട്ടിൽ ഞെരിക്കപ്പെട്ടവർ; ആരുടെയൊക്കെയോ സ്വപ്നങ്ങൾക്കുമുമ്പിൽ സ്വന്തം ജീവിതത്തിന്റെ ദിശ നഷ്ടപ്പെട്ടവർ; തീച്ചൂളയിൽനിന്നും സ്തോത്രഗാനം പാടുന്ന മറ്റു ചിലർ  - രഹസ്യങ്ങൾക്കുമുമ്പിൽ  ഒരു വ്യാഖാനവും സ്ഥായിയാവുന്നില്ല എന്നത് സത്യം.
സ്വയം അടച്ചുകളയാതെ ഈ കൊച്ചുജീവിതം ഒരല്പം തുറന്നിടാൻ കഴിയുമോ എന്നതാണ് അതിപ്രസക്തമായ ധ്യാനം.
അടയുംതോറും ഭരമേറുകയാണ്, കയ്പ്പിന്റെ തീവ്രതയും. സുഖങ്ങൾ അവകാശങ്ങളാകുന്നത് അത്തരം കയ്പുകൾ ഇറക്കാൻ വയ്യാതാവുമ്പോളാണ്; ഭാരത്താൽ കുനിഞ്ഞുപോകുമ്പോളാണ് അസഹിഷ്ണുതയുടെ അട്ടഹാസങ്ങൾ പുറത്തുവരുന്നത്. നിധിയായി കരുതിയവയും മധുവായി അറിഞ്ഞവരും വിട്ടുപിരിയുമ്പോൾ ജീവിതം തന്നെ അടച്ചുകളയുന്നവരാണ് പലരും - ആ നിധിയും തേന്മധുരവും നമ്മിലെ ആഴങ്ങൾ തുറന്നെടുക്കുവാൻ അനുയോജ്യമായിരുന്നില്ല എന്നതാണ് ധ്യാനഫലം.
എത്രയെത്ര വർണങ്ങളാണ്‌, എത്രയോ ഈണങ്ങളാണ്, സുന്ദരസ്പർശങ്ങളാണ് നമ്മിലോരോരുത്തരിലെയും രഹസ്യങ്ങളിൽ ഇരുട്ടിലായിരിക്കുന്നത് -  വാതിൽജനാലകൾ  തുറക്കായ്കയാൽ. അടക്കപ്പെട്ടതിനു കാരണങ്ങൾ ഉണ്ടാകാം,പക്ഷെ ആ ഭീതിയുടെ രാത്രി എന്നേ അകന്നുപോയി? ധൈര്യമായി, പ്രതീക്ഷയോടെ, പുഞ്ചിരിയോടെ, തുറക്കൂ. 
നോക്കൂ, തുറന്നിട്ട ഒരു കൊച്ചുജനാലയിലൂടെ പുറത്തേക്കെത്തിനോക്കുന്ന ദൈവം, നിന്റെ പുറംലോകം കാണാൻ ശ്രമിക്കുന്ന ദൈവം.
സത്യം! അടച്ചിട്ടപ്പോൾ നാം ഇരുട്ടിലാക്കിയത് ഈശ്വരനെത്തന്നെ. എന്നിട്ട്,  ആ പ്രഭ തേടി എവിടെയൊക്കെയോ നാം നടന്നു.
തുറവിയുള്ള നല്ല മനുഷ്യരാവട്ടെ നാം. നിഷ്കളങ്കമായി നമുക്ക് പുഞ്ചിരിക്കാം, കൈകോർത്തുപിടിച്ചുനടക്കാം -     അതല്ലേ ഹൃദ്യമായ ആരാധന.

Most Viewed

Featured post

Joy of His coming

In preparation for Christmas, some are preparing sweets, some are planning for cribs, others thinking of gifts. The sight of the final outco...