തളിരുകൾ

Showing posts with label posts in malayalam. Show all posts
Showing posts with label posts in malayalam. Show all posts

8 March 2018

ഉറവകളെ തടയരുതേ

ഉള്ളിന്റെ രഹസ്യങ്ങളിലെവിടെയോ, അണകെട്ടിനിർത്തിയ നീർച്ചാലുപോലെ ദൈവജീവന്റെ ഉറവകളുണ്ട്. തിരസ്കരിക്കപ്പെടുന്ന മഴപോലെതന്നെ, തടഞ്ഞുവയ്ക്കുന്ന ജലസ്രോതസ്സും ആഴങ്ങളിൽ വരൾച്ച ഉണ്ടാക്കുന്നുണ്ട്. ഉപവാസവും ദാനധർമ്മവും ഈ തടയണകൾ തുറക്കാൻ ബലം നൽകണം. മേഘങ്ങൾ പെയ്തിറങ്ങണം. കൃപാമേഘങ്ങളും മഴത്തുള്ളികളെപ്പോലെ മണ്ണിനു നനവ് നൽകാൻ വീണുതുടങ്ങുന്നു. എവിടുന്നൊക്കെയോ ഏതൊക്കെയോ കൃപാരുവികളാണ് ചെറുതും വലുതുമായ തടയണകളിൽ തടഞ്ഞുവച്ചിരിക്കുന്നത്?

ജീവനുള്ളവരാകാം.....

ആത്മാർത്ഥമായ ഒരു ദാഹം: എനിക്കും ക്രിസ്തുവാകണം, ഒരു നിമിഷത്തേക്കെങ്കിലും
സകലമാന ജീവതന്ത്രികളിലും കൃപ ഒഴുകിയെത്തുന്ന നിമിഷം - പുതിയ മനുഷ്യനാകും. സകലതും പകർന്നു നൽകുന്ന ഒരു ജീവിതത്തിൽ മരണം പോലും സ്വയം നല്കലാകും.

ആദമായി  ഉറങ്ങിയ ഞാൻ ക്രിസ്തുവായി ഉണരും - സകല ചരാചരങ്ങളെയും കണ്ട് അപ്പോൾ നിറഞ്ഞ ഹൃദയത്തോടെ പറയാം: ഇതാ എന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവും... പൂക്കളിൽ, പക്ഷികളിൽ, മഞ്ഞുകണങ്ങളിൽ, നക്ഷത്രങ്ങളിൽ, ബന്ധുക്കളിൽ, അപരനിൽ, ദരിദ്രനിൽ, ദോഷസ്വഭാവക്കാരിൽ.

6 March 2018

ജ്ഞാനോദയം ....ഉള്ളിലെ ആർദ്രതയിലേക്ക്.

ആഴങ്ങളിലേക്ക് നോക്കുക,
ഉയരങ്ങളിൽ വാഴുന്നത് എന്നിലെ അഹന്തകളാണ്
ആഴങ്ങളിൽ ഹൃദയത്തിന്റെ ആർദ്രതയുണ്ട്,
ആഴങ്ങൾ മൃദുലവുമാണ്.
ഉയരങ്ങളിൽ ഭീതിപ്പെടുത്തുന്ന കൽപ്പലകകളുണ്ട്
ആഴങ്ങളിൽ തുറക്കപ്പെട്ട ഹൃദയവും.
ആഴങ്ങളിൽ പുൽത്തൊട്ടിയിലെ ശിശുവിനെ നിങ്ങൾ കാണും
'ഞാൻ' എന്ന് വിളിക്കപ്പെടുന്ന പുഞ്ചിരിക്കുന്ന നവജാത ശിശു.

മുറിവേറ്റ ഹൃദയങ്ങൾ, നെരിപ്പോട് താങ്ങുന്ന ജീവിതങ്ങൾ നമ്മെയും കുത്തിനോവിച്ചിട്ടുണ്ട്, പൊള്ളിച്ചുകളഞ്ഞിട്ടുണ്ട്. ആ കരുവാളിച്ച മുഖങ്ങളെ, മാത്സര്യത്തിന്റെ പവിത്രപതാകകൾ വാളുകളാക്കും.
പുഞ്ചിരി മാഞ്ഞുപോയിട്ടുണ്ടെങ്കിൽ, ഉടൻ ഇറങ്ങണം
താഴികക്കുടങ്ങളുടെ, ഉച്ചഗോപുരങ്ങളുടെ പ്രൗഢിയിൽനിന്ന്
ഹൃദയഗർഭത്തിന്റെ സൗന്ദര്യങ്ങളിലേക്ക്!
പുതുജീവനായി പ്രകൃതിയുടെ കരങ്ങളിൽ സ്വീകരിക്കപ്പെട്ടപ്പോൾ ഉണ്മയുടെ ഉണർവിൽ വിരിഞ്ഞ പുഞ്ചിരി.

അതിമാനുഷമല്ല മനുഷ്യന്റെ പവിത്രത,
മാനുഷികതയെ നികൃഷ്ടമായിക്കരുത്തി പുച്ഛിക്കുന്നതും അല്ല പവിത്രത.
ആഴങ്ങളിൽ ഒരു പ്രപഞ്ചബന്ധത്തിന്റെ പൊരുൾ അറിയാം
ദൈവവും മനുഷ്യനും സർവ്വപ്രപഞ്ചവും...
ജ്ഞാനോദയം ....ഉള്ളിലെ ആർദ്രതയിലേക്ക്.

Image Credit: Thomas Bergersen - Human Experience

4 March 2018

നാണയക്കിലുക്കവും ചില വാക്കുകളും

അത്താഴമേശക്കരികിലേക്കു അവർ നടക്കുകയാണ്. ചുറ്റുമുള്ള നിശ്ശബ്ദതക്കിടയിൽ സൂചകങ്ങളായി വൈരുധ്യമാർന്ന രണ്ടു ശബ്ദങ്ങൾ. ശ്രദ്ധിച്ച കാൽച്ചുവടുകൾക്കു പോലും നിശബ്ദമാക്കാൻ കഴിയാത്ത മുപ്പതു വെള്ളിനാണയങ്ങളുടെ സ്വരം. പറയാൻ പോകുന്ന ചില സത്യശകലങ്ങളെക്കുറിച്ചോർത്ത് ആത്മാർത്ഥമായ ഹൃദയമർമരം ക്രിസ്തുവിൽ നിന്നും. അങ്ങനെ ഒരേ മേശക്കരികെ രണ്ട് ഉടമ്പടികളുണ്ട് - ഒറ്റിയ  ബന്ധത്തിന് വിലയായി കിട്ടിയ പണക്കിഴി, സ്വജീവൻ പകർന്നു നല്കാൻ വെമ്പൽ കൊള്ളുന്ന ഒരു ഹൃദയം.

ജീവിതഭാരത്താൽ ക്ഷതമേറ്റ ശരീരവും മനസ്സും, വഞ്ചിക്കപ്പെട്ട സ്നേഹം, വിധിക്കപ്പെടുന്ന ദൈവാരാധന, അങ്ങനെ പല ഭാവങ്ങളിൽ മനുഷ്യനെ കണ്ടവരാണവർ. ക്രിസ്തുവിനു അവരോടുള്ള സമീപനവും അവർ കണ്ടു കഴിഞ്ഞു. എനിക്കവരോട് അനുകമ്പ തോന്നുന്നു എന്ന് ഹൃദയാർദ്രതയോടെ പറഞ്ഞ  ക്രിസ്തു, ഇത് എന്റെ  ശരീരമാകുന്നു  എന്ന് പറയുമ്പോഴും മുറിവേറ്റ ജീവിതങ്ങൾ ആ മനസിലേറ്റിയിട്ടുണ്ട്. അവർക്കുവേണ്ടി ആശീർവദിക്കപ്പെട്ടതു മാത്രമല്ല ദിവ്യഭോജ്യമാകുന്ന അപ്പം, അത് അവരാൽ നിർമിതവുമാണ്. ഈ തിരിച്ചറിവാണ് ഒറ്റു വിലയായ നാണയങ്ങളും, വിഭജിക്കപ്പെടുന്ന ശരീരവും തമ്മിലുള്ള അകലം.

ഒറ്റിക്കൊടുക്കപ്പെട്ടപ്പോൾ വിലയായത്‌ വന്നുചേർന്ന നാണയങ്ങളല്ല, എറിഞ്ഞുകളഞ്ഞ സ്നേഹബന്ധമാണ്. നട്ടുവളർത്തിയ ചെറുചെടിപോലും പിഴുതുമാറ്റാൻ വേദനിക്കുന്ന നമുക്ക് ഒരിക്കലെങ്കിലും ഹൃദയത്തിനാർദ്രത നൽകിയവരെ പറിച്ചുമാറ്റുമ്പോൾ വേദനിക്കാത്തതെന്തുകൊണ്ടാണ്? ഏതൊക്കെയോ നാണയങ്ങൾ ഒരുപക്ഷേ  ആ ബന്ധങ്ങൾക്ക്‌ പകരമാകുന്നുണ്ടാകാം. ഹൃദയബന്ധത്തിനു പകരമായ നാണയങ്ങൾ ശവപ്പറമ്പിന് വിലയായി എന്നത് ധ്യാനിക്കേണ്ട വസ്തുതയാണ്; ബന്ധത്തിന് വേണ്ടി മുറിക്കപ്പെട്ട ശരീരം കല്ലറക്കുൾക്കൊള്ളാനാകാത്ത വിധം വളർന്നു എന്നതും.

സ്വയം അർപ്പിക്കപ്പെടാൻ കാരണമായ ബന്ധം എന്താണ്?
1) ദൈവത്തിനേറ്റവും പ്രിയങ്കരനായ പുത്രൻ,
2) ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന കുഞ്ഞാട്,
3) ഇതാ, അങ്ങയുടെ ഇഷ്ടം നിറവേറ്റാൻ തയ്യാറായി ഞാൻ ...
ഈ തലങ്ങളോരോന്നും ലോകത്തിന്റെ വീർപ്പുമുട്ടലുകൾ സ്വന്തം ജീവിത വ്യഥയാക്കി മറ്റും. അത്തരം ബലിപീഠത്തിലാണ് സ്വജീവൻ അനേകർക്ക്‌ അപ്പമാകുന്നത്.
വാഴ്ത്തപ്പെടുന്ന അപ്പത്തിന്റെ അന്തഃസത്തയിൽ യാഥാർത്ഥത്തിലുള്ളത് ഒരു ശരീരദർശനമാണ്. അർപ്പിക്കപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യുന്ന ചെയ്യുന്ന ശരീരം; അപ്പത്തിൽ സ്വീകരിക്കപ്പെടുകയും, കൂട്ടായ്മയിൽ ജീവിക്കുകയും ചെയ്യുന്ന ശരീരം. ഈ ശരീരമില്ലാതെ അപ്പത്തിന് പ്രസക്തിയില്ല. കൂട്ടായ്മയിൽ സ്വാംശീകരിക്കപ്പെടുന്ന  ഈ ശരീരയാഥാർത്ഥ്യത്തെ വേണ്ടവിധം വിവേചിക്കാതെ, യോജിപ്പില്ലാതെ അപ്പത്തെ സമീപിക്കുന്നത് കാപട്യമാണ്. അവിടെ ജീവനില്ല, വേറിട്ട് നിൽക്കുന്ന ജീവിതങ്ങൾ പുഷ്ടിപ്പെടുന്നുമില്ല. ഭക്തിയും ആരാധനയും സ്വയം നീതീകരണത്തിനു വഴിയാകുന്നുണ്ടെങ്കിൽ, അവിടെ യോജിപ്പിന്റെ സത്തയില്ല. ഭക്തി ഹൃദയം കഠിനമാക്കുമ്പോൾ, പാപിനിക്കു നേരെ ഉയർത്തപ്പെട്ട കല്ലുകളെപ്പോലെ അവ മൂർച്ചയേറ്റും, നാണയത്തുട്ടുകൾക്കു തിളക്കവുമേറും. ആരാധന ധർമം വെടിയുമ്പോൾ ബലിക്ക് പകരം കൊല വില നേടും.
അർപ്പിതമായ സ്നേഹത്തിൽ മുറിക്കപ്പെട്ട ശരീരം, കാത്തിരിക്കാനും, മനസ്സിലാക്കാനും, സാന്ത്വനപ്പെടുത്താനും, കൂടെനിൽക്കാനും, വീണ്ടും  ഒരിക്കൽക്കൂടി ഹൃദയം പിളർക്കാൻ ഒരുങ്ങുന്നതുമാണ്. വിങ്ങുന്ന മുറിവുകളിലേക്കു സ്വാഗതം ചെയ്യുന്ന ഉത്ഥിതൻ, പക്ഷെ, മുറിവിൽ നിറച്ചു വച്ചിരിക്കുന്നത് വറ്റാത്ത സ്നേഹമാണ്. ആ സ്നേഹമാണ് അവന്റെ പുതുശരീരത്തെ ചേർത്തുനിർത്തുന്ന ചൈതന്യം. യൂദാസിന്റെ കരങ്ങളിൽ കരയുന്ന നാണയത്തുട്ടുകളെപ്പോലെ  മുറിവുകളെച്ചൊല്ലി വിലപേശലോ കണക്കുപറച്ചിലോ ഇല്ല. കാരണം ശൂന്യവൽക്കരണം അതിരുകളില്ലാത്ത വളർച്ചയാണ്.
പരസ്പരബന്ധമില്ലാത്തിടത്ത് ഏകശരീര അനുഭവവും ഇല്ല. വ്യക്തിപരമായ ദൈവാനുഭവം കൂട്ടായ്മയിലെ ദിവ്യശരീരത്തിലേക്കു നമ്മെ വളർത്തട്ടെ. ആത്മാർത്ഥ ബന്ധങ്ങളുടെ ബലിവേദികളിൽ ദിവ്യപൂജയും ഉണ്ടാകും. അങ്ങനെ കാലിത്തൊഴുത്തിലും, സമരായക്കാരന്റെ കഴുതപ്പുറത്തും, കുരിശിലെ വേദനയിലും മുറിയുകയും ജീവിക്കുകയും ചെയ്യുന്ന അപ്പം യാഥാർത്ഥ്യമാണ്. അപരന്റെ വ്യഥയേന്തുന്ന ശരീരം അവർക്കായി അപ്പമാകുമ്പോൾ വഞ്ചനയുടെ നാണയത്തുട്ടുകൾക്ക്  വിലയില്ലാതാകും.

നാണയങ്ങളുടെ നിശബ്ദവിലാപത്തിനു പകരം ശാന്തമായ ചില ആത്മാർത്ഥവാക്കുകൾ:
ഇതാ ഞാൻ, അങ്ങയുടെ ഇഷ്ടം നിറവേറ്റുവാൻ;
എന്റെ ജീവൻ അങ്ങയുടെ കരങ്ങളിലേകുന്നു  - പിതാവിനോട്;
വാങ്ങി ഭക്ഷിക്കുവിൻ, ഇത് നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെട്ട എന്റെ ശരീരമാണ്;
നിങ്ങളും ഇതു പോലെ ചെയ്യുവിൻ - നമ്മളോട്.

12 February 2018

നോമ്പ്: വിതയ്ക്കാൻ ഒരു കാലം!

പുണ്യങ്ങളുടെ, പ്രത്യാശയുടെ ഒരു കാലത്തേക്ക്  നാം പ്രവേശിക്കുകയാണ്. "മനുഷ്യാ, നീ മണ്ണാകുന്നു" എന്ന് കേട്ടുകൊണ്ടാണ് ഈ വിശുദ്ധകാലം നമ്മൾ തുടങ്ങിവയ്ക്കുന്നത്. സൗന്ദര്യസ്വപ്നങ്ങളും, അഹന്തകളും, മോടികളുമെല്ലാം ഒരുവേള വീണ്ടും മണ്ണിൽ അഴുകിച്ചേരണം. ഈ നശ്വരത നാം ധ്യാനിക്കുന്നുണ്ട്. മണ്ണ് ശവപ്പറമ്പിനെ ഓർമിപ്പിക്കുന്നു എങ്കിൽ നമ്മുടെ ശവക്കുഴിയെക്കാൾ മറ്റൊരു ശവക്കല്ലറ കൂടി ഓർമയിൽ സൂക്ഷിക്കാൻ, സുവിശേഷത്തിലെ അവഗണിക്കപ്പെട്ട ചില അകംപൊരുളുകൾ നമ്മോടു പറയുന്നുണ്ട്. നന്മകൾ വിതച്ചിട്ടു പോയ ഒരുവന്റെ ഉത്ഥാനം ഓർമിപ്പിക്കുന്ന ആ കല്ലറ. നശ്വരതയിൽ, അപമാനത്തിൽ, ബലഹീനതയിൽ വിതക്കപ്പെടുന്നു, മഹിമയിൽ ഉയിർപ്പിക്കപ്പെടുന്നു എന്ന് വി. പൗലോസ് എഴുതിയതിന്റെ യാഥാർത്ഥ്യഭാവം. അങ്ങനെ നോക്കുമ്പോൾ മണ്ണ് ശ്‌മശാനഭൂമി മാത്രമല്ല അത് വിളനിലമാണ്. ഒരുപക്ഷെ പലവട്ടം വിള പരീക്ഷിച്ച മണ്ണ്. ഒരു നല്ല മനുഷ്യനാകാൻ, നല്ല ഭാര്യയോ ഭർത്താവോ, അമ്മയോ രക്ഷിതാവോ, സുഹൃത്തോ  പ്രേയസിയോ ആകാൻ  ശ്രമിച്ചിട്ടും പ്രതീക്ഷക്കൊത്തു ഫലം പുറപ്പെടുവിക്കാത്ത എന്നിലെ മണ്ണ്. അധികമൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ നമ്മിലെ മണ്ണിന്റെ പരിപോഷണസാധ്യത പരിശോധിക്കേണ്ടതില്ലേ?

പശ്ചാത്തപിക്കുക, സുവിശേഷത്തിൽ വിശ്വസിക്കുക എന്ന ആഹ്വാനത്തിലാണ് നാല്പതു ദിവസങ്ങളിലേക്ക് നമ്മൾ കടക്കുന്നത്. ക്രിസ്തുവിനെ പിൻചെന്നുകൊണ്ടാണെങ്കിൽ ഉപവാസത്തിന്റെ നാല്പത്
ദിവസങ്ങൾക്കു മുമ്പ് ക്രിസ്തുവിനുണ്ടായ അനുഭവം കൂടി നമുക്ക് ധ്യാനിക്കണം. ഉറവകളുടെ ആഴങ്ങളിലേക്ക് ക്രിസ്തു കടന്നു പോകുന്നുണ്ട്. ആഴങ്ങളിൽ സ്ഥിരീകരിക്കപ്പെട്ട ബോധ്യമാണ് ഉപരിതലേ മുഴങ്ങുന്നത്:
"ഇവൻ എന്റെ പ്രിയപുത്രനാകുന്നു." അതിനാണ് മണ്ണിന്റെ ഉറവകളിലേക്കു ആഴങ്ങൾ തേടിയിറങ്ങേണ്ടത്. ദൈവപുത്രസ്ഥാനത്തെക്കുറിച്ച്  ഒരുവേള കൂടി ബോധ്യപ്പെടാനാണ് യഥാർത്ഥ അനുതാപത്തിന്റെ വിളി. നിർമലതകളുടെ ആ ഉറവകളെ തേടിയേ തീരൂ.

മടങ്ങിയെത്തിയ ധൂർത്തപുത്രൻ കാണാതായതിനെക്കുറിച്ച് ഒരു കഥയുണ്ട്. പലരും അന്വേഷിച്ചു. അവസാനം അതാ, അവൻ അടുത്തുള്ള പന്നിക്കൂട്ടിൽ നോക്കി കരഞ്ഞുകൊണ്ടിരിക്കുന്നു. "ഞാൻ എന്തൊക്കെയാണ് ചെയ്തത്, വീടിനുള്ളിൽ കഴിയാൻ എനിക്ക് ലജ്ജ തോന്നുന്നു. വേല ചെയ്ത്  എല്ലാറ്റിനും എനിക്ക് പരിഹാരം ചെയ്യണം. അതുകഴിഞ്ഞേ ഞാൻ വീട്ടിലേക്കുള്ളു."
പിതാവിന്റെ ഹൃദയത്തിനു യഥാർത്ഥത്തിൽ മുറിവേറ്റത് അപ്പോഴാണ്. ഹൃദയം തുറന്നു സ്വീകരിച്ചിട്ടും ഇവൻ എന്നെ കരാറുകാരനെപ്പോലെയും പലിശക്കാരനേപ്പോലെയും  കാണുന്നതെന്തുകൊണ്ടാണ്? എന്റെ
സ്നേഹം അറിയാത്തതെന്തുകൊണ്ടാണ്? പിതാവിന്റെ ഈ വേദന നമുക്കും കാര്യമായെടുക്കേണ്ടതുണ്ട്. നമ്മുടെ ഉപവാസങ്ങളും പുണ്യപ്രവൃത്തികളും തീർക്കുന്ന മുതൽക്കൂട്ടിന്റെ പ്രതിഫലമായി അനുഗ്രഹങ്ങളെ കണ്ടുശീലിക്കരുത്. അത് മണ്ണിന്റെ അഹങ്കാരമാണ്. നമ്മൾ സ്വീകരിക്കുന്ന കഷ്ടതകളിലെ ദയനീയാവസ്ഥയാണ് പിതാവിന് പ്രിയങ്കരം എന്നും കരുതരുത്. നിസ്സഹായവസ്ഥയിലെ ദയായാചനയല്ല പിതാവാഗ്രഹിക്കുന്ന ബന്ധം, യാചകരായിക്കാണാൻ പിതാവിന് വേദനയാണ്. പിതാവിന്റെ ഹൃദയത്തെ അത്രമേൽ ചുരുക്കിക്കളയരുത്. നഷ്ടപ്പെടുത്തിയ പുണ്യകാലങ്ങളെക്കുറിച്ചു ഓർക്കുന്നതിൽ തെറ്റില്ല. എന്നാൽ നിന്റെ തന്നെ കരുണക്കപ്പുറത്തേക്കു അവ കളഞ്ഞുപോയിട്ടില്ല. ദൈവമകനോ മകളോ ആയിത്തന്നെ ദൈവം നമ്മെ കാണുന്നു എന്ന് നമ്മോടുതന്നെ പറയാനുള്ള തുറവിയാണ് ആ കരുണ. ചെയ്തുതീർക്കാനുള്ള, സ്വയം സാധൂകരിക്കാനുള്ള ആത്മീയചിട്ടകളിൽ മണ്ണിനു ജീവസാധ്യതയില്ല; ജീവാംശം സ്വീകരിക്കാൻ ജലാംശമില്ല, കൃപാംശമില്ല.
 മുപ്പതു മേനിയും അറുപതു മേനിയും മാത്രം പുറപ്പെടുവിക്കാനേ കഴിഞ്ഞുള്ളു എങ്കിലും, കാട്ടുമുന്തിരിയും പതിരും പുറപ്പെടുവിച്ചു എങ്കിലും, വിളഭൂമി മുഴുവൻ കാട്ടുമൃഗങ്ങൾ വികൃതമാക്കിയെങ്കിലും, വീണ്ടുമൊരു വിത്ത് വിതക്കാൻ മണ്ണിനു മേന്മയുണ്ടെന്നതാണ് സുവിശേഷം. അഴുക്കുകളെന്ന് ഒരുതലത്തിൽ വിളിക്കപ്പെടുന്നത് തന്നെ അഴുകി, നീറിപ്പൊടിഞ്ഞു വളമായാണല്ലോ മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നത്. ചുറ്റും വിളവു മോഷ്ടിക്കുന്ന കവർച്ചക്കാരാണെന്നും ഏതുനിമിഷവും ശത്രു കള വിതച്ചേക്കാമെന്നും കരുതി ജീവിതം മുഴുവൻ ആകുലത നിറക്കുന്നത്, നമ്മിലെ മണ്ണിനെക്കുറിച്ചു അവബോധമില്ലാത്തതുകൊണ്ടും, കൃഷിക്കാരന്റെ സംരക്ഷണത്തിൽ വിശ്വാസം പോരാത്തതു കൊണ്ടുമല്ലേ?
കയ്യൊഴിഞ്ഞുപോയ എത്രയോ വിളനിലങ്ങൾ നമ്മൾ കാണാറുണ്ട്! നിരാശയിൽ, അപമാനത്തിൽ, ഭയത്തിൽ ഉപേക്ഷിക്കപ്പെട്ടവയാണവ. അത്തരം സ്ഥലങ്ങൾ ക്രമേണ കളിസ്ഥലമായോ, ചന്തസ്ഥലമായോ, യുദ്ധഭൂമിയായോ മാറിയേക്കാം. കനിവറിഞ്ഞുകൊണ്ട്, സ്നേഹമറിഞ്ഞുകൊണ്ട് നമ്മിലെ  ഉപേക്ഷിച്ചുകളഞ്ഞ  വിളനിലങ്ങൾ വീണ്ടെടുക്കണം.
സ്നേഹാനുഭവങ്ങൾ ഊറിയാണ്  നമുക്ക് വളക്കൂറുണ്ടാകുന്നത്. അവിടെയേ പുണ്യങ്ങൾക്കു വളരാനാകൂ. സ്നേഹാനുഭവങ്ങളിൽ ജീവജന്യമായ ഏതാനം ധാതുക്കൾ ഉൾച്ചേർന്നിട്ടുണ്ട്.  'മണ്ണിൽ നിന്ന് രൂപപ്പെട്ട മനുഷ്യനാണ് നാമെങ്കിൽ, ഈ മനുഷ്യഭാവത്തിലെത്തിച്ചേരാൻ എത്രയോ കനിവുകളാണ് ദൈവകരങ്ങളായത്! ശരീരത്തിലെ മൂലകങ്ങൾ ആദ്യം പിറന്ന നക്ഷത്രങ്ങൾ മുതൽ, ജീവകോശങ്ങളിൽ നമ്മിലെ ജീവഭാഷ നൽകിയ കുടുംബവും സമൂഹവും വരെ; കഴിച്ച ആഹാരം വിളഞ്ഞ മണ്ണും, അതിൽ വീണ വിയർപ്പും നമ്മെ രൂപപ്പെടുത്തിയ, നമ്മെ ഊട്ടിയ ദൈവകരങ്ങൾ തന്നെ. അറിയാതെ അടിത്തട്ടിൽ
സ്വീകരിക്കപ്പെട്ട കനിവാണ് മണ്ണിന്റെ പുളകം. ആന്തരികപ്രചോദനവും കനിവിന്റെ ബോധ്യം തന്നെ. നശ്വരതയെയും നിർബലതകളെയും കുറിച്ചോർക്കുമ്പോൾ, അതിനാൽത്തന്നെ നാം എത്രയോ പരസ്പരാശ്രിതരാണെന്നു ഒരു വേള ഓർമിച്ചിരുന്നെങ്കിൽ കനിവ് വീണ്ടുമൊരു പുളകമായി നമ്മിൽ വളരും.

ധൂർത്തപുത്രന്റെ മറ്റൊരു കഥയുണ്ട്. തിരിച്ചുവരവിന്റെ ആഘോഷങ്ങൾ ഒരുപാടു നടന്നു. ദിവസങ്ങൾ കഴിഞ്ഞു, ആളൊഴിഞ്ഞു. ഭക്ഷണമേശ അവനെ നിരാശപ്പെടുത്തി. ആട്ടവും,പാട്ടും അത്ഭുതങ്ങളും ഇല്ല. "ഒരു മീൻ കഷണം  പോലും തരാൻ കഴിയാത്ത കഴിവുകെട്ട അപ്പൻ," അവൻ പിറുപിറുത്തു." ആഘോഷങ്ങളുടെ തിരക്കിൽ, വർണശോഭയിൽ ഒന്നും സംസാരിക്കാനായില്ല. അൽപനേരം അടുത്തിരുന്നു സംസാരിക്കാമെന്നു ഞാൻ കരുതി," പിതാവ് അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. സേവകർക്കു പോലും സുഭിക്ഷമായി ലഭിക്കുന്ന സമൃദ്ധിയിലാണ് അവന്റെ സന്തോഷം. ആചാരങ്ങളിൽ, വർണശോഭയിൽ ദൈവനാമം ഏറ്റുപറഞ്ഞു ഘോഷിക്കപ്പെടാറുണ്ടെങ്കിലും, വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്ന യാഥാർത്ഥ്യമാണ് ദൈവമാഗ്രഹിക്കുന്ന ഈ ഹൃദയബന്ധം. തിളക്കമുള്ള കടലാസ് തോരണങ്ങൾക്കു വേണ്ടി, ആ ഹൃദയബന്ധത്തെ മകനോ മകളോ ആയ നമുക്ക് തുച്ഛമാക്കാനാകുമോ? സേവകർ എന്ന് ധരിക്കുന്നവർക്ക്   ആട്ടവും പാട്ടും ആൾക്കൂട്ടവും ആണ് പ്രിയം. സേവകരുടെ മാസ്മരികവ്യാഖ്യാനങ്ങൾ തീർത്ത വിവരണങ്ങൾ  അവരുടെ വൈകാരികഭ്രമങ്ങൾക്കു തീവ്രതയേറ്റി. തെറ്റുകാരെന്നു നിന്ദിച്ചു മക്കളെ ഭവനത്തിനു പുറത്തിരുത്തുന്നതു ഈ സേവകരാണ്. ആട്ടവും പാട്ടും സ്വയം മാമാങ്കമാക്കിയവർക്കു അവരുടെ പങ്കിനെക്കുറിച്ചാണ് ആശങ്ക. മണ്ണിലേക്ക് മഴ തടഞ്ഞത്  അവരാണ്, നിന്റെ മണ്ണ് ശാപഭൂമിയായിത്തീർന്നെന്നു പറഞ്ഞു പ്രചരിപ്പിച്ചതും അവരാണ്.  ജീവിതാനുഭവങ്ങളും ക്രിസ്തുസ്പർശനവും ഒരുമിച്ചു ചേർന്നാണ് നമ്മിലെ മണ്ണൊരുക്കുന്നത്. നമ്മിലെ മണ്ണിന്റെ ആഴങ്ങളിലേക്ക് പോകാൻ നമുക്കു കഴിയണം.  അവിടെയാണ് മറഞ്ഞിരിക്കുന്ന നിധി. നിധി ആയിട്ടാണെങ്കിലും വിത്തായാണെങ്കിലും ആ സാധ്യത ക്രിസ്തുവിലേക്കു വളരുക എന്ന പ്രക്രിയയാണ്. നമ്മിൽ രൂപപ്പെടാനാകുന്ന ക്രിസ്തുസ്വഭാവങ്ങളാണ് ഈ മണ്ണിൽ വിതക്കപ്പെടാനുള്ള വിത്തുകൾ.
നമ്മിലെ മണ്ണിന്റെ ആഴങ്ങളെക്കുറിച്ച്,  ഗുണത്തെക്കുറിച്ച്,
പിതാവിനേക്കാൾ അധികമായി ആർക്കാണ് അറിയാവുന്നത്. ആ പിതാവിനോടൊപ്പമിരിക്കാനുള്ള ഏതാനം ദിനങ്ങളാണ് ഈ നോമ്പുകാലം. നമ്മിൽ വന്നുചേർന്ന ക്ഷീണവും വേദനയും മാത്രമേ നാമറിയുന്നുള്ളു. ആ ക്ഷതങ്ങളെ അതിന്റെ ആഴങ്ങളിൽ അറിയാൻ പിതാവിനടുത്ത്  ഇരുന്നല്ലേ തീരൂ. അവിടെ മുറിവുകൾക്കും അതിന്റെ ചരിത്രത്തിനും പ്രസക്തിയില്ല. സ്നേഹത്തിൽ പകർന്നുനൽകുന്ന കൃപാതൈലം സൗഖ്യത്തിനും ശക്തിക്കും കാരണമാകും. മരണത്തെക്കുറിച്ചും ജീർണതകളെക്കുറിച്ചും ഓർക്കാൻ പിതാവ് പറയുന്നില്ല, മറിച്ച് ഉണർവിനെയും ജീവനെയും അവിടുന്നു കാണിച്ചുതരുന്നു.

രക്തച്ചൊരിച്ചിലും നെറികേടുകളും സഹിച്ച, കണ്ണീരും വിയർപ്പും ഏറ്റുവാങ്ങിയ മണ്ണാണിത്. പാവങ്ങൾ അന്യായത്തിനിരയാകുമ്പോൾ, കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ നിഷേധിക്കപ്പെടുന്നത് കനിവുകളാണ്. മണ്ണിനാഴമില്ലാതെ പാറകൾ രൂപപ്പെടുന്നതും, ജീവൻ കൊതിക്കുന്ന പുത്തൻ തളിരുകളെ ഞെരുക്കുന്ന മുള്ളുകൾ രൂപപ്പെടുന്നതും ഈ നിഷേധത്തിന്റെ ഫലം. മണ്ണിന്റെ ഈ വേദനയെക്കൂടി കാര്യമായെടുക്കാതെ നോമ്പാചരണം അർത്ഥവത്താകില്ല. അനീതിയുടെ അത്തരം കല്ലുകളെ അലിയിച്ചു കളയാൻ നോമ്പുകളിലൂടെ നമ്മിലെ മണ്ണിൽ ഒഴുകിത്തുടങ്ങുന്ന ഏത് ഉറവകളാണുള്ളത്?

വീണ്ടുമൊരു വിതക്കാലമാണ് നോമ്പുകാലം. നമ്മിലെ മണ്ണിനെ ശപിക്കാതെ, ഉപേക്ഷിക്കാതെ മണ്ണിന്റെ മേന്മ അറിയാൻ, മുറിപ്പെടുത്താത്ത കലപ്പ കൊണ്ട് മണ്ണൊരുക്കാൻ നല്ല വിതക്കാരനെ അനുവദിക്കാൻ, ക്രിസ്തുരൂപങ്ങൾ മുളപൊട്ടി വളരുന്ന വിത്ത് സ്വീകരിക്കാൻ, ഒരു ഓർമ്മപ്പെടുത്തൽ: "മനുഷ്യാ, നീ മണ്ണാകുന്നു." അതൊരു ആശ്വാസ വചനമാണ്. മണ്ണിലേക്ക് മടങ്ങുക എന്നതിന് ശാപവാക്കുകളിലേറെ പ്രതീക്ഷയും പ്രോത്സാഹനവുമുണ്ട്.നമ്മളായിത്തീർന്ന പ്രകൃതികണികകളുടെ നിർമലതകളിലേക്കു മടങ്ങാൻ,ആ കരപരിപാലനയുടെ ധന്യതയിൽ ആദ്യനിഷ്കളങ്കതയെ ഒരിക്കൽ കൂടി ജീവിക്കാൻ ഒരു പ്രേരകശബ്ദം.

3 February 2018

.... എന്നിട്ടും എനിക്ക് വിശക്കുന്നു

ദൈവത്തെ തേടുന്ന ദാഹം, വിശ്വാസത്തോടുള്ള പ്രതിബദ്ധത, നിഷ്കളങ്കമായ ഭക്തി...
തുടങ്ങിയവയെല്ലാം പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നുണ്ട്.
സ്വന്തം നിലനില്പിനുവേണ്ടി ജനത്തിന്റെ ദയനീയതയാണ് വിലക്കെടുക്കപ്പെടുന്നത്. ആരാധനക്കായി വരുന്നവർ ഭക്തിയിൽ ആടും, പാടും, കാഴ്ചകൾ അർപ്പിക്കും, ആഹ്ലാദത്തോടെ തിരിച്ചു പോകും,
എങ്കിലും അടങ്ങാത്ത വിശപ്പും, അപൂർണ്ണതയും ബാക്കി നിൽക്കും.

നമ്മുടെ മുഖംമൂടികളെ നോക്കിച്ചിരിക്കാൻ കഴിയുന്ന ദൈവമുഖങ്ങൾ നാം നമുക്കുവേണ്ടി ഉണ്ടാക്കിയിട്ടുണ്ടാകാം.
ദൈവത്തെ നമ്മിൽനിന്ന് മറച്ചുകളയുന്ന ഘനീഭവിച്ച അന്ധത അതേ ദൈവങ്ങളാണ്. പലപ്പോഴും ഈ ദൈവങ്ങൾ ഉടനടി ഫലം നൽകാറുണ്ട്.  മന്ത്രികഫലങ്ങളാഗ്രഹിക്കുന്ന എളുപ്പത്തിലുള്ള സൂത്രപ്പണികളായി ദൈവഭക്തി  മാറിപ്പോകരുത്. വഴികാട്ടേണ്ടവർ താരാരാധനക്കു സമാനമായ celebrity culture തങ്ങൾക്കുവേണ്ടി അനുവദിക്കുകയും അരുത്. ശ്രുതിമധുരവും നയനമനോഹരവുമായ അത്തരം ദൈവങ്ങളെ പരിചയപ്പെടു ത്തിയവർ തന്നെ അറിയാതെ നമ്മുടെയുള്ളിൽ ദൈവങ്ങളാകുന്നുണ്ട്. നമ്മുടെ ഭവ്യത ഈ വ്യക്തികളിലും അവർ ക്രമപ്പെടുത്തിയ പ്രാർത്ഥനാശൈലികളിലും ആണെങ്കിൽ ആത്മീയപരിവേഷമുള്ള, ക്രിസ്തീയ ഉടയാടകളുള്ള വിഗ്രഹങ്ങൾക്കാണ് നമ്മൾ സ്തോത്രമാലപിക്കുന്നത്.

ഇവയൊക്കെയും തൊട്ടുതലോടുന്നവ ആയിരുന്നിരിക്കാം, ഏതൊക്കെയോ അനുഭൂതികളിലൂടെ നമ്മൾ കടന്നുപോകുകയും ചെയ്തിട്ടുണ്ടാകാം. എങ്കിലും ഇവ നമ്മുടെ വിശ്വാസത്തിനും വ്യക്തിജീവിതത്തിനും എത്രമാത്രം  ആഴങ്ങൾ നൽകിയെന്ന് ധ്യാനിക്കുന്നതു നല്ലതാണ്.
വളർന്നിട്ടില്ലെങ്കിൽ അറിയണം, നമുക്ക് നൽകപ്പെട്ടത് പോഷണമില്ലാത്ത അപ്പക്കഷണങ്ങളായിരുന്നു. മനുഷ്യന്റെ ഉൾത്തളങ്ങളെ വശീകരിക്കുന്ന രൂപഭംഗിയുള്ള ദൈവങ്ങളെ മെനഞ്ഞെടുക്കുകയും, അതിനൊത്ത  വൈകാരിക സംതൃപ്തി നൽകുന്ന ആത്മീയത സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നത് വഴിയിൽ തളർന്നു പോകാൻ കാരണമാകുന്നുണ്ട്.
വിശപ്പും ദാഹവും, പുഞ്ചിരിയും സ്വപ്നങ്ങളും, ഭീതിയും ഭാരങ്ങളും ഒക്കെയായി നമ്മുടെതന്നെയും മറ്റനേകം പേരുടെയും ജീവിതങ്ങൾ നമ്മുടെ കൈകളിലുണ്ട്.
അവയൊക്കെയും കൈകളിലേന്തി നമ്മൾ എന്താണ് ചെയ്യാറുള്ളത്?
നമ്മുടെ ജീവിതത്തിന്റെ പച്ചയായ മനുഷ്യാവസ്ഥകൾ തന്നെയാണ് വിഷയം.
 അനുചിതമായ പരിഹാരനിർദേശങ്ങളും, ഗൂഢലക്ഷ്യങ്ങളും വഴിയിൽ പ്രാധാന്യം നേടുമ്പോൾ  അറിയണം നമ്മൾ പ്രതിഷ്ഠിക്കുന്നത് വിഗ്രഹങ്ങളാണ്. ഈ അവസ്ഥകൾ കൃതജ്ഞതയോടെ ഉയർത്തി വാഴ്ത്തപ്പെടുമ്പോൾ  തിളക്കമേറിയ വിഗ്രഹങ്ങൾക്കുപോലും ഇടമില്ലാതാകും. കൃതജ്ഞതയോടെ ഉയർത്തപ്പെട്ടതുകൊണ്ടാണ് ക്രിസ്തു വിശക്കുന്ന ലോകത്തിനുവേണ്ടി അപ്പമായത്.
_______________
God in a fastfood cafe

22 January 2018

കൃതജ്ഞത - സുകൃതങ്ങളിലേക്കുള്ള വാതിൽ

നന്ദിയുള്ള ഹൃദയം ദൈവത്തെ മഹത്വപ്പെടുത്തുന്നു. കൃതജ്ഞതാമനോഭാവം, ജീവിതാനുഭവങ്ങളും അവയിലുൾപ്പെട്ടിട്ടുള്ള വ്യക്തികളെയുമെല്ലാം തുറവിയോടെ സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കും. ഇല്ലായ്മയിലും വേദനയിലും ആശ്വസിക്കാനാകും. കൃതജ്ഞതയിൽ എല്ലാം സ്വീകരിക്കാൻ കഴിയുന്നതിനാൽ നമ്മളുടെ പരാതികൾ കുറയും, സ്വീകാര്യത വളരും. എല്ലാത്തിനും നന്ദി പറയുന്നതിനാൽ നമ്മൾ എളിമപ്പെടുകയും ചെയ്യും. നല്കപ്പെട്ടതാണെന്നുള്ള ബോധ്യം വളരുമ്പോൾ പിടിവാശി വെടിഞ്ഞു വിട്ടുകൊടുക്കാനുമാകും, അലിവും, ദയയും, ഉദാരതയും നമ്മിൽ വളരും. നല്കപ്പെട്ടതായതുകൊണ്ട് എന്തിനു ഞാൻ അഹങ്കരിക്കണം? ഞാൻ നന്ദി പറയുന്നു. ജ്ഞാൻ എന്തിനു അസൂയപ്പെടണം? ഞാൻ എന്താണോ അതിൽ ഞാൻ സംതൃപ്തനാണ്, കാരണം ഞാൻ അതേപ്രതി നന്ദിയുള്ളവനാണ്. തുറവി ലഭിക്കുമ്പോൾ, വേദനിപ്പിക്കുന്ന ഓർമ്മകൾ സമർപ്പിക്കുവാനും കഴിയും. നന്ദിപറയാൻ ഹൃദയം വളരുമ്പോൾ ഒരുപാടു ഭാരം കുറയുകയും ആനന്ദവും സമാധാനവും നിറയുകയും ചെയ്യും. അവിടെയാണ് പരിശുദ്ധിയുടെ ഏതു തലവും മുള പൊട്ടുകയും വളർന്നു ഫലം നൽകുകയും ചെയ്യുന്നത്.
കൃതജ്ഞതാബലി എന്നത് ആചാരപരമായ അർച്ചനക്കപ്പുറം ഒരു ജീവിതക്രമമാകണം, ജീവിതത്തിന്റെ സമീപനരീതിയാകണം. അപ്പോഴേ ആത്മസമർപ്പണമെന്നും, ശൂന്യവൽക്കരണം എന്നുമൊക്കെയുള്ള വലിയ വാക്കുകൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയുള്ളു.
കൃതജ്ഞത നിറഞ്ഞ ഹൃദയത്തിൽ നിർഗമിക്കുന്ന ധന്യതയാണ് സ്വർഗ്ഗരാജ്യം,സമാധാനത്തിന്റെ, ശാന്തിയുടെ, വരദാനങ്ങളുടെ ഹൃദയാനുഭവം. പൂക്കളെപ്പോലെ അലങ്കരിക്കപ്പെടുകയും, പക്ഷികളെപ്പോലെ നല്കപ്പെടുകയും, കരയുന്ന കുഞ്ഞിനെപ്പോലെ ആശ്വസിക്കപ്പെടുകയും ചെയ്യുന്ന സ്വാതന്ത്ര്യാനുഭവം. ആ ആനന്ദത്തിലപ്പുറം മനുഷ്യജീവിതത്തിന്റെ അർത്ഥാന്തരങ്ങൾക്ക് അതിസ്വാഭാവികമായ കാല്പനികതകൾ ഏതു സ്വർഗ്ഗത്തെയാണ് സൃഷ്ടിക്കുക? കൃതജ്ഞതയില്ലാതെ അടയുന്ന ഹൃദയത്തിലാണ് നരകം പിറക്കുന്നത്. മറ്റുള്ളവരുടെ നന്മയിൽ ഭീതിപൂണ്ട്, അസൂയപ്പെട്ട് നമ്മൾ ഏഷണി കൂട്ടും, ഗൂഢാലോചന നടത്തും. നമ്മളെത്തന്നെ കുറ്റപ്പെടുത്തി കുറ്റബോധം കൊണ്ട് നമ്മെ നിറയ്ക്കും. നമ്മിലെ സത്യങ്ങളെ സ്വീകരിക്കാൻ കഴിയാതെ ലജ്ജിച്ചും സ്വയം അപമാനിച്ചും നരകയാതന വർദ്ധിപ്പിക്കുന്നു. നന്ദി പറയാം, വെറും വാക്കായല്ല ഹൃദ്യമായി. നമ്മിൽ സ്വർഗം പിറക്കട്ടെ!
ഞാൻ കൃതാർത്ഥനാണ്, നന്ദിയുള്ളവനാണ് എന്ന് തന്നെയാണ് ഞാൻ (മരണസമയത്തും) എല്ലാം പൂർണമായി സമർപ്പിക്കുന്നു എന്ന് ഏറ്റുപറയുന്നതിന്റെ അർത്ഥം.

1 January 2018

പിറക്കുന്നതെന്തും...

ആത്മാർഥമായി ആർക്കെങ്കിലും വേണ്ടി കുറച്ചുനാൾ പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ അവരുടെ ജീവിതങ്ങളെ നമ്മളും താങ്ങുന്നതായി അനുഭവപ്പെട്ടേക്കാം. ദൈവാനുഗ്രഹങ്ങളെ തിരിച്ചറിയാൻ കഴിയുന്നെങ്കിൽ അത്തരം അനുഭവങ്ങളിൽ ഓരോന്നിലും നിറഞ്ഞുനിൽക്കുന്ന ദിവ്യസാന്നിധ്യത്തെയും നമുക്ക് ധ്യാനിക്കാം. 
മറിയം "ഇതെല്ലാം ഹൃദയത്തിൽ സൂക്ഷിച്ചു" എന്ന് നമ്മൾ വായിക്കുന്നുണ്ട്. മൂല്യമുള്ളവയാണ് നമ്മൾ സൂക്ഷിച്ചു വയ്ക്കുന്നത്. മാലാഖയുടെ സന്ദേശം മുതലുള്ള എല്ലാറ്റിലും വലിയ മാഹാത്മ്യംകണ്ടു ധ്യാനിച്ചതാവണം, ഇതിനു കാരണം. അത്തരത്തിൽ മൂല്യമർഹിക്കുന്ന നിമിഷങ്ങളിൽ ദൈവസാന്നിധ്യമറിയുമ്പോൾ അവ ആരാധ്യമാകുന്നുമുണ്ട്. ജീവിതനിമിഷങ്ങൾ അമൂല്യത കല്പിക്കപ്പെടാൻ അർഹമാണെന്നറിയുന്നതു അപ്പോഴാണ്.
ദൈവത്തിന്റെ  പ്രത്യേക കൃപാവരത്താൽ മറിയം അമലോത്ഭവയായിരുന്നു. മനുഷ്യഹൃദയങ്ങളിലെ ശൂന്യതയും, വ്യഥകളും, രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പും മറിയം സംഗ്രഹിച്ചു സൂക്ഷിച്ചു എന്ന് വേണം കരുതാൻ. ആ ഭാരം കനത്തതാണ്, മനുഷ്യചരിത്രത്തോളവും, പ്രപഞ്ചവിസ്തൃതിയോളവും  വലുതാണ്. രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പും പ്രാർത്ഥനയും അത്രതന്നെ ആത്മാർത്ഥവും ആയിരുന്നു എന്ന് വേണം ഓർക്കാൻ. ദൈവം അവളെ യോഗ്യയായി കാണുകയും ചെയ്യുന്നു. പ്രപഞ്ചത്തിനു ഒരു ഉദരമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ അവിടെ ദൈവത്തിനു മൂർത്തീഭാവമെടുക്കാമായിരുന്നു. മറിയത്തിൽ, കാത്തിരിക്കുന്ന ഒരു ആത്മാർത്ഥഹൃദയവും, മനുഷ്യന്റെ ശൂന്യതയുടെ വിങ്ങലും ദൈവം കണ്ടു. പ്രപഞ്ചത്തെ അതിന്റെ അപൂർണതകളോടെ മറിയം സ്വാംശീകരിച്ചു എന്ന് വേണമെങ്കിൽ പറയാം. ആത്മാർഥമായി അവൾ സ്വാംശീകരിച്ച ഈ വേദന സ്വീകാര്യമായ പ്രാർത്ഥനയാകുന്നുണ്ട്. എവിടെയൊക്കെയും കൃപയുടെ അഭാവമുണ്ടോ, അവിടെയെല്ലാം ആ പ്രാർത്ഥനകൾ കൃപയെ വിളിച്ചുചേർത്തു.  ആ തുറവി സമ്മാനിതമായത് പ്രപഞ്ചം മുഴുവൻ ആരിലൂടെ സൃഷിടിക്കപ്പെട്ടോ അവന് അമ്മയാകാൻ യോഗ്യയായി കാണപ്പെട്ടുകൊണ്ടാണ്. രക്ഷകന് വേണ്ടിയുള്ള അവളുടെ കാത്തിരിപ്പുപോലും രക്ഷാകരമായിരുന്നു.

മറിയത്തിൽനിന്നു ജനിച്ചവൻ ദൈവപുത്രനാണ്;  ദൈവപുത്രൻ മറിയത്തിൽനിന്നു യഥാർത്ഥ മനുഷ്യനായി പിറന്നു. 

നമ്മിൽനിന്ന് ജനിക്കുന്നവ ദൈവികമല്ലെങ്കിൽ അവ നാശകാരകമായേക്കാം. നമ്മുടെ പ്രവൃത്തികളും വാക്കുകളും എത്ര തന്നെ ഉദാത്തവും, ദൈവികവും എന്ന് കരുതുമ്പോഴും അവയിൽ മനുഷ്യഗന്ധമില്ലെങ്കിൽ അവ യഥാർത്ഥത്തിൽ ദൈവികമാണോ എന്ന് ആത്മശോധന ചെയ്യേണ്ടതുണ്ട്. നമ്മിൽനിന്ന് പിറക്കുന്നതെന്തും ദൈവികമായിരിക്കട്ടെ, അവയിൽ മനുഷ്യത്വത്തിന്റെ സ്വഭാവമുണ്ടാകട്ടെ. അതിലേക്കുള്ള നമ്മുടെ കാത്തിരിപ്പു പോലും രക്ഷാകരമാകട്ടെ.

24 December 2017

ബെത്‌ലെഹെമിലേക്കുള്ള കടന്നു പോകൽ

അനുഗ്രഹങ്ങളുടെ മംഗളവാർത്ത
അതിരുകളില്ലാതെ അനുഗ്രഹം നൽകപ്പെട്ടിരിക്കുന്നു എന്ന സത്യമാണ് സുവിശേഷത്തിന്റെ നവീനത. കരയുന്നവരും, ഭാരം വഹിക്കുന്നവരും, പീഡിപ്പിക്കപ്പെട്ടവരും, വിശക്കുന്നവരും, ശപിതരായി വിധിക്കപ്പെട്ടവരും ഈ ധന്യതക്ക് അർഹരാണ്. ആ യാഥാർത്ഥ്യത്തിലേക്ക് അവരെ കൊണ്ടുപോകുകയാണ് നല്ല വഴികാട്ടിയുടെ കടമ. വ്യക്തതക്കു വേണ്ടി നാം നിർണ്ണയിച്ച പലതും നമ്മെ ബന്ധിച്ചിടുകയായിരുന്നു. അവയുടെ പ്രാമുഖ്യം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്. കുരുക്കഴിക്കപ്പെടേണ്ട നിർവചനങ്ങളിൽ നിന്നും അവരെ സ്വാതന്ത്രരാക്കുകയാണ് നല്ല ഇടയന്റെ സാന്നിധ്യത്തിന്റെ ആർദ്രത. വളർച്ച ആവശ്യമുണ്ടെങ്കിലും, നമ്മൾ എത്രയോ അനുഗ്രഹീതരാണ്. അവന്റെ വാക്കുകൾ പുതുജീവന്റെ നനവായി നമ്മിലേക്ക്‌ കിനിഞ്ഞിറങ്ങും. നമ്മിലെ നന്മകളും  ഒടിവുകളും ആ ധന്യതയിൽ നിർവൃതി അറിയും.
ബെത്‌ലെഹെമിലേക്കുള്ള കടന്നു പോകൽ 
മറിയത്തെ, പൂർണമായും, പ്രത്യേകമായി അവളുടെ ഹൃദയത്തെയും, ഉദരത്തെയും  ധന്യമാക്കിയ ഈശ്വരചൈതന്യം നമ്മിലെ മനുഷ്യാവസ്ഥകളെയും ശ്രേഷ്‌ഠമാക്കും എന്നതാണ്  വാഗ്‌ദാനങ്ങളുടെ പൊരുൾ. തുറവിയുള്ള ഹൃദയത്തിനു പ്രപഞ്ചത്തെ വഹിക്കാനുള്ള ഗർഭപാത്രമാകാം. കടന്നുപോകലിന്റെ ഒരു നിമിഷം ഇവിടെ കാര്യമായെടുക്കാനുണ്ട്. അത്ഭുതങ്ങളെ പ്രതീക്ഷിക്കാനോ, അസംഭവ്യമായവ സാധ്യമാക്കാനോ അല്ല, സാധാരണത്വത്തിൽ ഗരിമ കാണുവാനാണ് ഈ കടന്നുപോകലിന്റെ അർത്ഥം. തീർച്ചയായും, ധൈര്യവും, കനിവും, വിവേചനയും, മൗനവും അതിൽ അലിവ് നൽകുന്ന ഗുണങ്ങളാണ്.  നമ്മിലോരോരുത്തരിലെയും ഹൃദയത്തിൽ വസിക്കുന്ന ദിവ്യജ്ഞാനം, ആ ആദിവചനം നമ്മിലെ മനുഷ്യനിൽ അവതീർണമാകാൻ തുടിക്കുന്നുണ്ട്. നമ്മിലെ മണ്ണിനെയും, മനുഷ്യനെയും നമ്മൾ കാര്യമായിട്ടെടുത്തിട്ടില്ല എന്നതാണ് സത്യം. പകരം, മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. നമ്മിലെ മാനുഷികതയിൽ ജീവിക്കുവാനായി വചനം മനുഷ്യനായിത്തീരുന്നു. ആണോ പെണ്ണോ ഭിന്നലിംഗരോ, രോഗിയോ തളർന്നവരോ ശുശ്രൂഷിക്കുന്നവരോ ആവട്ടെ, നമ്മളുടെ കൊച്ചുജീവിതങ്ങളിൽ വചനം മാംസം ധരിക്കുന്നുണ്ട്. ഇതൊരു വെല്ലുവിളിയായിത്തന്നെയാണ് ബെത്‌ലെഹെം നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. സകല പെരുമകളെയും മാറ്റിനിർത്താനും പച്ചമനുഷ്യനിലേക്കു വളരാനുമുള്ള ഒരു കടന്നുപോക്ക്‌.                              
ബെത്‌ലെഹെമിന്റെ ദുരന്തമുഖം
നിർവചനങ്ങളില്ലാത്തവരാണ് ബെത്‌ലെഹെമിൽ എത്തിയത്. തങ്ങളെത്തന്നെ നിർവചിക്കുന്നവർ തങ്ങളുടെ സ്വത്വം ആദർശങ്ങളോടോ, മതസംഹിതകളോടോ, ന്യായപ്രമാണങ്ങളോടോ ബന്ധപ്പെടുത്തി വയ്ക്കുമ്പോൾ, ജീവിതനിമിഷങ്ങളിൽ തെളിഞ്ഞുവരുന്ന അനുഗ്രഹീതമായ വെളിപാടുകൾക്ക് നൈസർഗികമായ ഒരു പ്രത്യുത്തരം നൽകാനാവില്ല എന്നതാണ് യാഥാർത്ഥ്യം. ഭവ്യത നൽകേണ്ടവയെ മതത്തിന്റെ ചട്ടക്കൂടുകളിൽ ഒതുക്കാതെ അതിന്റെ തന്നെ നിർമലതകളിൽ വന്ദിച്ചവരും, സംസ്കാരങ്ങൾ നമ്മെ അടച്ചിടുന്നവയല്ലെന്നു തിരിച്ചറിഞ്ഞവരുമാണ് പുൽക്കൂടിനു മുമ്പിൽ സന്തോഷിക്കുന്നത്. ആട്ടിടയരുടെ വിശ്വാസഭാവനകൾ പ്രകൃതിബന്ധങ്ങളോടും, ഇടയവൃത്തിയോടും ചേർന്നതായിരിക്കാം. അബലരായിരിക്കുന്ന തങ്ങൾ നൽകുന്ന സുരക്ഷയും, ആടുകളുടെ ഉള്ളിലുള്ള സുരക്ഷാബോധവും അവരുടെ വിശ്വാസത്തിന്റെ ആന്തരികരൂപമായിരിക്കാം. ജ്ഞാനികളാണെങ്കിൽ, രാജ്യത്തിനും സംസ്കാരത്തിനും അതീതമായി ഉൾവെളിച്ചം തേടി വന്നവരാണ്. അധികാരത്തിനും അറിവിനും മീതെയാണ് പച്ചമനുഷ്യനാകുന്നതിലെ വെളിപാട്. നിർവ്വചനങ്ങൾ ഏറുംതോറും അതിരുകളും ഏറുകയാണ്, ലാളിത്യമാർന്നതിനെയെല്ലാം അകറ്റി മാറ്റുകയാണ്. ഉണ്ണിയുടെ പുൽത്തൊഴുത്തിൽ സമ്പത്തിന്റെയും, അധികാരത്തിന്റെയും ഇല്ലായ്‌മയ്‌ക്കൊപ്പം നിർവചനങ്ങളുടെ ഇല്ലായ്മയും ഉണ്ട്. നിർവചനങ്ങളുടെ ഇല്ലായ്മയിലാണ് അവിടെ എല്ലാവർക്കും പരസ്പരം സ്വീകരിക്കാൻ കഴിയുന്നത്. ആവർത്തിക്കപ്പെടുന്ന മുഖ്യസന്ദേശത്തിലും ആ ധ്വനിയുണ്ട്: "നിങ്ങൾക്ക് വേണ്ടി ജനിച്ച ശിശു" - മനുഷ്യൻ അപരനുവേണ്ടിയാകുന്ന ഓരോ അവസ്ഥയിലും പരിപാലനയുടെയും കരുതലിന്റെയും വെളിപാടുകളുണ്ട്. ആ പുത്തനനുഭവങ്ങളിലേക്ക് ഒരാൾ അവതരിക്കുന്നത് വിഗ്രഹമാകനല്ല, അലിഞ്ഞു തീരാനാണ്. ഉപ്പും ലവണങ്ങളും അലിഞ്ഞുചേർന്നാണ് ജീവൻ നൽകുന്നത്, ജീവാംശത്തിന്റെ ഭാഗമാകുന്നത്‌. ഒരു ചെറു മഞ്ഞുകണം പോലും ഈ അലിവ് നൽകുന്നുണ്ട്. നമ്മിലെ മണ്ണിനെ അലിയിച്ചു മൃദുത്വം നൽകുന്ന ജലകണമാണ് ഈശ്വരകൃപ. പൊടിയുടെ പൊടിയുടെ ഗന്ധമറിഞ്ഞ നമുക്ക് മണ്ണിന്റെ പശിമ പറ്റാൻ ഈ നനവ് വേണം. ഒരു പുതുജീവരൂപമായി നമ്മിൽ വളരുന്നതും ഇതേ കൃപ തന്നെ. ഈ കൃപാസമൃദ്ധിയാണ് ഓരോ കരുതലിലും നാം അറിയുന്നത്. നിർവചനങ്ങളുടെ ചിന്താധാരയിൽ തടയപ്പെടുന്നതും ഈ കൃപ തന്നെ.      

ദൈവം മനുഷ്യനാകുന്നതിലെ വിളി, വീണ്ടും വീണ്ടും കൂടുതൽ ആഴങ്ങളുള്ള  മനുഷ്യരാകുവാൻ തന്നെയാണ്. ഭക്തിയിലെ ആഡംബരങ്ങൾ പോലും   ഭാരങ്ങളാകുന്നു എങ്കിൽ തീർച്ചയായും ഇല്ലായ്‌മയുടെ ബെത്‌ലെഹെമിലേക്കു മടങ്ങാൻ നമ്മോടുതന്നെ കനിവ് കാണിക്കണം. ഉദാരതയോടെ നൽകുകയും, എളിമയോടെ  സ്വീകരിക്കപ്പെടുകയും ചെയ്യുന്ന ഓരോ കരുതലിലും വചനത്തിന്റെ മാംസരൂപം തെളിയുന്നുണ്ട്. സംഹിതകളും ആദർശങ്ങളും നമ്മുടെ കണ്ണുകളെയും കാതുകളെയും അടച്ചുകളയാതിരിക്കട്ടെ.    

6 December 2017

കൊട്ടാരത്തിൽ പിറക്കാത്ത മിശിഹാ




മിശിഹായെക്കുറിച്ചുള്ള കാത്തിരിപ്പ്,
ചിലർക്കെങ്കിലും പൊള്ളയായിരുന്നു
വചനഗ്രന്ഥങ്ങളിൽ
അവർ ഗണിക്കാനും ഭാവിപ്രവചിക്കാനുമുള്ള കരുക്കൾ അന്വേഷിച്ചു.

ബെത്‌ലെഹെം ആണ് മിശിഹായുടെ ജന്മസ്ഥലമാകേണ്ടതെന്നും
അവന്റെ താരം ഉദയം ചെയ്തു എന്നറിഞ്ഞിട്ടും
കൊട്ടാരത്തിന്റെ സുരക്ഷയിൽ നിന്നും,
മതസംഹിതകളുടെ കെട്ടുറപ്പിൽ നിന്നും അവർ പുറത്തു വന്നില്ല.

"ഞങ്ങളുണ്ടെകിൽ പിന്നെ മിശിഹായെക്കൊണ്ട് എന്താവശ്യം?
മിശിഹായുടെ ആഗമനമോ, സാന്നിധ്യമോ
ഞങ്ങളെ നിശ്ശേഷം ബാധിക്കാനില്ല."

ജീവിതവ്യഥയിലെ വചനസാധ്യതയിലാണ് മിശിഹാ പിറക്കുന്നത്,
അവിടെയാണ് ദൈവം വാതിൽക്കൽ മുട്ടുന്നത്.

ദിവ്യരക്ഷകന്റെ അമ്മയാകാമോ?
അവന് ഒരിടം തരാമോ,ഒരല്പം സുരക്ഷ ഒരുക്കമോ,
അവന് വഴിയൊരുക്കാൻ മുമ്പേ നടന്ന്,
അർത്ഥശൂന്യമെന്നവണ്ണം മരിക്കാമോ?

വചനം പൊരുളായി ഹൃദയത്തിൽ തെളിയുമ്പോൾ
അഭിഷിക്തനായവൻ നമ്മിലും പിറക്കും.

നമ്മുടെ പല സമീപനങ്ങളിലും മറ്റൊരു രാജനെ നാം അംഗീകരിക്കാറില്ല
ദൈവത്തെ പോലും - ഒന്ന് ധ്യാനിച്ച് നോക്കൂ. വലിയൊരു സത്യമാണത്.
രാജാക്കന്മാരുടെ രാജാവെന്നു ദൈവനാമമുച്ചരിച്ചു പറയുമ്പോളും
എന്റെ ചിന്തക്കും, വിശ്വാസത്തിനും, വലിമ എന്നാണ് വയ്പ്.
വാഴുന്ന ദൈവത്തെക്കുറിച്ചോർക്കാൻ നമുക്ക് സന്തോഷമാണ്
സകലത്തെയും അധീനതയിലാക്കുന്ന മിശിഹായെയാണ് നമുക്കിഷ്ടം.

ചക്രവർത്തിയുടെ പ്രതാപത്തോടും,
സാമ്രാജ്യങ്ങൾ കീഴടക്കുന്ന മേല്കോയ്മയോടും കൂടിയല്ല മിശിഹാ വന്നത്!

രാജാവാകാൻ ആഗ്രഹിക്കുന്ന നമ്മുടെയുള്ളിൽ
ദാസവേല ചെയ്യാനുള്ള ഉൾസ്വാതന്ത്ര്യം വളരുന്നുണ്ടോ?
അവകാശങ്ങളില്ലാതെ അപമാനിക്കപ്പെടുന്ന ഒരു സമയത്തു
അഭിഷിക്തന്റെ സ്നേഹത്തോടെ ശുശ്രൂഷ ചെയ്യാനാകുമോ?
സ്വദേശത്തു വിദേശിയെപ്പോലെയാകുമ്പോൾ,
സത്രത്തിലെ വിശ്രമസ്ഥാനം പോലും നമുക്ക് ലഭ്യമല്ലാതാകുമ്പോൾ,
നമ്മിലൂടെ പിറക്കുന്ന മിശിഹായുടെ കൃപ,
ആ തുറന്ന ഹൃദയത്തിന്റെ സ്നേഹം
പിറന്ന നാടിനു നൽകുവാൻ
നമ്മുടെ ഹൃദയങ്ങൾ തയ്യാറാകുമോ?

4 December 2017

മൗനം, ധന്യമായ കാത്തിരിപ്പ്

കാത്തിരിപ്പിലൂടെയും നിശ്ശബ്ദതയിലൂടെയും കടന്നുപോയവരാണ് സഖറിയായും, എലിസബത്തും, യോഹന്നാനും. അവരുടെ പേരുകൾതന്നെ മൗനത്തിന്റെ സമയം എത്രയോ അനുഗ്രഹപ്രാപ്തിക്ക് നമ്മെ ഒരുക്കുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. സഖറിയാ എന്നാൽ ദൈവമെന്നെ അനുസ്മരിച്ചിരിക്കുന്നു എന്നർത്ഥം.എലിസബത്തിനു ദൈവത്തിന്റെ ശപഥം എന്നും, സന്തുഷ്ടി എന്നും അർത്ഥമുണ്ട്. യോഹന്നാൻ എന്നാൽ ദൈവം കൃപാലു ആണെന്നും, മഹാമനസ്കതയോടെ അവിടുന്ന് തന്നു എന്നും അർത്ഥം. "വിശ്വസിക്കായ്ക മൂലം നീ മൂകനായിരിക്കും" എന്ന വാക്കുകൾ ശിക്ഷയെക്കാളുപരി ഒരു വിളിയാണ്. നിശബ്ദധ്യാനത്തിലേക്ക്, വിശ്വസിക്കാൻ പ്രാപ്തനാകുന്നത് വരെ. പിന്നീട് എലിസബത്തും, മരുഭൂമിയിൽ യോഹന്നാനും, ഈ മൗനം ധ്യാനപൂര്ണമായ കാത്തിരിപ്പാക്കുന്നുണ്ട്.

നല്കപ്പെട്ടിട്ടുള്ളതെല്ലാം ധ്യാനിക്കപ്പെടേണ്ടതാണ്
ലഭിച്ചതിനെ ഓർത്തും, ലഭിക്കാനുള്ളതിനെ ഓർത്തും.
ദൈവഹൃദയത്തിൽ സകലതും സ്മരിക്കപ്പെടുന്നുണ്ട് -
നമ്മിലുള്ളവയും, നമ്മിലെ ഇല്ലായ്മയും.

വാഗ്ദാനസ്വരം വിശ്വസനീയമാവണമെന്നില്ല,
എങ്കിലും അവ ധ്യാനിക്കപ്പെടട്ടെ -
മൗനമായി, ഹൃദയത്തിന്റെ ധന്യതയിൽ.

സ്വകാര്യതയിലേക്ക് പിൻവാങ്ങിയ എലിസബത്ത്
പിന്നീട് മുമ്പോട്ട് വരുന്നത് ഈ ധന്യതയെ പുകഴ്ത്താനാണ്:
സ്ത്രീകളിൽ അനുഗ്രഹീതയാണ് നീ
ധന്യതയിൽ നിനക്ക് നല്കപ്പെട്ടവനും!

വൃദ്ധനായ ശിമെയോന്റെ കാത്തിരിപ്പും എത്രയോ ധന്യമാണ്‌! 
കാത്തിരുന്ന് ധ്യാനിച്ച, ആഗ്രഹിച്ച രക്ഷ
"ഇതാ ഇപ്പോൾ എന്റെ കണ്ണുകൾ കണ്ടു കഴിഞ്ഞു."

അവമതിയിലും, ഏകാന്തതയിലും,
നിരാശയിലും,ഭീതിയിലും, നാശത്തിലും
നമ്മളും തീർത്തും മൗനമാകാറുണ്ട് -
ആ മൗനം ശൂന്യമാകാതിരിക്കട്ടെ
പകരം അവ ധ്യാനപൂര്ണമാകട്ടെ

കാരണം നമ്മളോരോരുത്തരും ഓർമ്മിക്കപ്പെടുന്നുണ്ട്.
ദൈവഹൃദയത്തിൽ സകലതും സ്മരിക്കപ്പെടുന്നുണ്ട് -
നമ്മിലുള്ളവയും, നമ്മിലെ ഇല്ലായ്മയും.

30 November 2017

മിശിഹാ വരുമ്പോൾ ... ...













സംരക്ഷിച്ച രാജാക്കന്മാരും,
പൂജ അർപ്പിച്ച പുരോഹിതരും,
വെളിച്ചം നൽകിയ ഗുരുഭൂതരും കടന്നു പോകും,
കടന്നു പോകണം.

മിശിഹാ നൽകുന്ന ബലത്തെക്കുറിച്ച്,
ജീവനെക്കുറിച്ച്,
ആന്തരികജ്യോതിയെക്കുറിച്ച്,

തെല്ലൊരു അനുഭൂതി അവർ നൽകി.
പൂർണതയിലേക്ക് മിശിഹാ തന്നെ നയിക്കും
ഹൃദയം തുറന്നാൽ നമ്മിൽ അവൻ രൂപമെടുക്കുകയും ചെയ്യും.


രാജാക്കന്മാരും, പുരോഹിതരും, ആത്മീയഗുരുക്കന്മാരും,
ചിലപ്പോഴെങ്കിലും, നിർഭാഗ്യവശാൽ, ആരാധനാബിംബങ്ങളായി മാറാറുണ്ട്

അവരുടെ പ്രചോദനങ്ങളും,ദർശനങ്ങളും നമ്മെ നയിക്കട്ടെ
അവരുടെ ദീപനാളങ്ങൾ നമുക്ക് വഴികാട്ടികളാകട്ടെ.
പക്ഷെ അവർ കടന്നു പോകേണ്ടവരാണ് -
അവരുടെ കരസ്പർശമല്ല നമ്മുടെ ധന്യത

ജീവിതനിമിഷങ്ങളിലോരോന്നിലും മിശിഹായുടെ സാന്നിധ്യമറിയാൻ
അനേകരിലൂടെ മിശിഹാ നയിക്കട്ടെ
ധ്യാനപൂർവ്വം, കൃപാപൂർവ്വം നമുക്ക് കാത്തിരിക്കാം.

28 November 2017

നഗരനൊമ്പരങ്ങൾക്കിടയിൽ കൃപയുടെ നീർച്ചാലുകൾ

സ്വന്തം ജീവിതത്തോടു തന്നെയും, ചുറ്റുപാടുകളോടും തോന്നുന്ന ആദരവാണ് ആത്മീയതയിൽ ആദ്യപടി. ആധുനിക മനുഷ്യന് തീർത്തും അപരിചിതമായിരിക്കുന്നതും അതുതന്നെ. ഇന്നത്തെ മനുഷ്യന് ദൈവം പരിഗണിക്കപ്പെടേണ്ടതില്ലാത്ത അന്യനാണ്.

ആദ്യം വെളിപ്പെട്ടു കിട്ടേണ്ടത് സ്വന്തം ജീവിത യാഥാർത്ഥ്യങ്ങളുടെ പൊരുളാണ്. കൺമുമ്പിൽ തിളങ്ങുന്നതിനേക്കാൾ വലിയ രഹസ്യങ്ങൾ, കാണപ്പെടുന്നവയിൽ ഉണ്ട് എന്ന ബോധ്യം, പ്രപഞ്ചരഹസ്യങ്ങളുടെ വിവേകപ്രഭക്കു മുമ്പിൽ പ്രണമിക്കാൻ സ്വയം പ്രാപ്തമാക്കും. പരീക്ഷിച്ചും, അളന്നുനോക്കിയും, ചൂഷണം ചെയ്തും, കീഴ്പ്പെടുത്തിയ ഈ മണ്ണിന്റെ ഒരു തരി പൂഴി പോലും തന്നെ പിള്ളത്തൊട്ടിലിൽ പരിപാലിക്കുന്ന സ്നേഹകണ്ണിയാണെന്നറിയുമ്പോൾ, ഭക്തിയെന്ന ഭാവമില്ലാതെ ഒരു ഇലയനക്കത്തെ പോലും സമീപിക്കാൻ നമുക്കാവില്ല. അവിടെയാണ് ഉള്ളിലെ മനുഷ്യഭാവം പിറക്കുന്നതും.

നേടിയെടുത്തതൊക്കെ ഭാരപ്പെടുത്തുമ്പോഴും, അതിലെല്ലാമുപരി എത്രയധികം തനിക്കു നൽകപ്പെട്ടിരിക്കുന്നു എന്ന ബോധ്യം എത്രയോ കൃതജ്ഞത കൊണ്ട് നമ്മെ നിറക്കയില്ല! എല്ലാറ്റിനും നന്ദി പറയാൻ നമുക്കായാൽ, അതൊരു മനോഭാവമായാൽ, അത് ആത്മസമർപ്പണത്തിന്റെ കവാടമാണ്. സ്വയം അർപ്പിക്കുകയെന്നാൽ സ്വന്തം ജീവിതത്തോടും അതിനോട് ബന്ധപ്പെട്ടു നിൽക്കുന്ന സകലത്തോടുമുള്ള ഉത്തരവാദിത്തത്തെ ലക്‌ഷ്യം വയ്ക്കുന്നുണ്ട്. ഇവയിലുൾപ്പെട്ടിട്ടുള്ള ഉപേക്ഷയും ത്യാഗവും, ബന്ധങ്ങളും ചുമതലകളുമല്ല, നാമെടുത്തണിഞ്ഞിട്ടുള്ള സ്വയത്തെത്തന്നെയാണ്. കരിമഷികൾ മറയ്ക്കാൻ എത്രയെത്ര പൊയ്മുഖങ്ങളാണ് നാം ധരിച്ചു മടുക്കുന്നത്.

ആഘോഷിക്കപ്പെടുന്ന, അഭിമാനിക്കപ്പെടുന്ന ആത്മീയരൂപങ്ങൾ പോലും അത്തരമൊരു പൊയ്‌മുഖത്തിന്റെ അലങ്കാരമാകുന്നില്ലേ എന്ന് ആത്മാർത്ഥതയോടെ വിലയിരുത്തണം. സ്വയം പ്രതിരോധിക്കാനുള്ള ശ്രമത്തിൽ എണ്ണമില്ലാത്ത ചുമടുകൾ സ്വയം നാം നമുക്കുമേൽ വലിച്ചുവയ്ക്കുന്നുണ്ട്; അഹങ്കാരം, കോപം, അസൂയ, മാത്സര്യം... കാര്യകാരണങ്ങൾ വ്യക്തമല്ലാത്ത ഇത്തരം അനേകം ഉൾയാഥാർത്ഥ്യങ്ങളെ പാപങ്ങളെന്നു നാം വിളിച്ചു. ഇവയൊക്കെ ഒന്ന് സത്യസന്ധതയോടെ നോക്കാൻ, എളിമയുടെയും, ധൈര്യത്തിന്റെയും മുഖക്കണ്ണാടികൾ നാം അനുവദിച്ചിരുന്നെങ്കിൽ - സ്വമുഖത്തെ തിരിച്ചറിയാനും അംഗീകരിക്കാനും. മേല്പറഞ്ഞ എളിമപ്പെടുത്തുന്ന കനിവുകളോരോന്നും എത്രമാത്രം നമ്മെ സ്വാതന്ത്രരാക്കുമായിരുന്നു എന്ന് ധ്യാനപൂർവം ഓർക്കണം. സങ്കല്പങ്ങളും, വ്യക്തിപരമായ ഭാഷയും ജീവിതക്രമവും പെരുമാറ്റരീതികളും ഈ സ്വാതന്ത്ര്യത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ചു മാറിക്കൊണ്ടിരിക്കും. സംരക്ഷിക്കപ്പെടേണ്ട മുഖംമൂടികൾ ഇല്ലാത്തപ്പോൾ ആന്തരികമായ സ്വാതന്ത്ര്യവും സമാധാനവും സ്വാഭാവികമായുണ്ടാകും. യഥാർത്ഥമുഖം കാണാൻ ഉള്ളിൽത്തന്നെ തുറവിയും സ്വീകാര്യതയും ഉണ്ടാകുമ്പോൾ കുറവുകളിലും പുണ്യങ്ങളിലും, സ്വീകാര്യമായ പരിപാലന ഉൾച്ചേർന്നിരിക്കുന്നതറിയുകയും ദൈവമുഖദർശനം സാധ്യമാവുകയും ചെയ്യും. അപ്പോൾ, ഈ നടന്ന വഴിയിലൊക്കെയും അദൃശ്യമായ ആ ദിവ്യസാന്നിധ്യം കൂടെയുണ്ടായിരുന്നെന്നു നാം തിരിച്ചറിയും.

തുടങ്ങേണ്ടത് നാം നിൽക്കുന്ന പൊടിയിലും, നമ്മിലെ പശിമയുള്ള പച്ചമനുഷ്യനിലും തന്നെ. അല്ലെങ്കിൽ, നാം എടുത്തണിഞ്ഞു ശീലിച്ച പൊയ്മുഖങ്ങൾക്കു യോജിച്ച വികലമുഖങ്ങൾ ദൈവത്തിനും നാം നൽകിയെന്ന് വരാം. ദൈവതിരുനാമം വൃഥാ ഉപയോഗിക്കരുത് എന്ന് പറയുമ്പോൾ, തിരുനാമം അവഹേളിക്കപ്പെടരുത് എന്ന അർത്ഥത്തോടൊപ്പം, ജീവചൈതന്യമേശാത്ത വിധം ഒരു മന്ത്രോച്ചാരണം മാത്രമായി ആ നാമം ഉപയോഗിക്കപ്പെടരുത് എന്ന് കൂടി അർത്ഥമുണ്ടെന്നു ഞാൻ കരുതുന്നു. അഹങ്കരിക്കാനും മേൽക്കോയ്മ കാണിക്കാനുമുള്ള ആപ്തവാക്യമായി തിരുഗ്രന്ഥവചനങ്ങളും മാറിപ്പോകരുത്. ധ്യാനമൂലമായി മനുഷ്യഹൃദയങ്ങളിൽ വിത്തായി വീണു കിളിർക്കേണ്ടതാണവ. വളർന്നു ഫലം നല്കി തുടങ്ങുമ്പോഴേ ഒരുപക്ഷെ അതിന്റെ അർത്ഥമെന്തെന്നു നാം ഗ്രഹിച്ചു തുടങ്ങൂ. അപ്പോൾ, ധ്യാനം പോലുമില്ലാതെ ദൈവനാമത്തെ ആക്രോശസ്വരമാക്കുമ്പോൾ വന്ദിക്കുന്നതിനു പകരം ദൂഷിക്കുകയല്ലേ ചെയ്യുന്നത്?

അറിവുകളും സങ്കല്പങ്ങളും സ്വന്തം ചുറ്റുപാടുകളോട് പൂരകമാകുമ്പോഴേ അവ ബോധ്യങ്ങൾ നൽകുന്ന അനുഭവങ്ങളാകൂ. അല്ലെങ്കിൽ, എത്രയോ തീക്ഷ്ണതയോടെ ഏറ്റുപറഞ്ഞാലും അവ ആദർശങ്ങളെ ആകുന്നുള്ളു. അതിലെ വലിയ അപകടം ഈ തീക്ഷ്ണത ആന്തരിക സ്വാതന്ത്ര്യം നൽകാതെ ഹൃദയങ്ങളെ അടച്ചു ദുഷിപ്പിച്ചു കളയും എന്നതാണ്. കൃതജ്ഞതയുടെയും ആദരവിന്റെയും ഭാവം എന്നിൽ ജനിച്ചിട്ട് വേണം അതിനു ഏറ്റം യോഗ്യനായ സർവ്വേശ്വരന് അതർപ്പിക്കാൻ. അല്ലെങ്കിൽ എന്റെ അർപ്പണം വെറും വാക്കുകളാവില്ലേ - അർപ്പിച്ചത്, ദൈവത്തിനു പകരം ഏതോ ദൈവസങ്കല്പത്തിനും?

ആരാധിക്കപ്പെടുന്ന അലങ്കാരങ്ങളും, വഴിതെറ്റിക്കുന്ന രൂപകങ്ങളുമാണ് ആത്മീയതക്ക് ഏറ്റം അപകടം. മാനുഷിക ചുറ്റുപാടുകളിൽ നമ്മൾ ഉപയോഗിക്കുന്ന ഭാഷ തന്നെയാണ് അതിമാനുഷമായതിനെ സൂചിപ്പിക്കാനും മനസിലാക്കാനും നാം ഉപയോഗിക്കുന്നത്. നമ്മൾ മനുഷ്യരാകയാൽ നമുക്ക് ആ ഭാഷ കൂടിയേ തീരൂ. എന്നാൽ ഈ രണ്ടു തലങ്ങളിലും വാക്കുകൾക്ക് ഒരേ മാനം നൽകുമ്പോൾ, ഗ്രഹിക്കുന്ന യാഥാർഥ്യവും മിഥ്യയായിരിക്കും.

ഓരോ വ്യക്തിയും ജീവിക്കാനുതകും വിധം അവരവർക്കായി ഓരോ കഥാതന്തു മെനഞ്ഞെടുക്കുന്നുണ്ട്. രൂപപ്പെടുന്ന ഈ കഥ അവരെ സംബന്ധിച്ച് അവരുടെ ജീവനലോകമാണ്. കാണുന്ന ജീവിതമാതൃകകളും ജീവിതപശ്ചാത്തലങ്ങളുമാണ് ഈ കഥക്ക് ദിശാബോധവും മൂല്യവും നൽകുന്നത്. സ്വാംശീകരിച്ചെടുക്കുന്ന ഗുണപാഠങ്ങളും, സമൂഹത്തിന്റെ അവലോകനരീതികളും, ബന്ധങ്ങളുടെ പരസ്പരപൂരകത്തവും ഈ ലോകത്തിനു മേന്മ നൽകും. ഈ ലോകത്തോടുള്ള സമീപനരീതിയനുസരിച്ചാണ് ഓരോരുത്തരുടെയും ജീവിതത്തിന്റെ അർത്ഥതലങ്ങൾ വികസിക്കുന്നത്. പ്രകൃതിയോടും, മറ്റുമനുഷ്യരോടും, ആകാശവസ്തുക്കളോടുപോലും കൂട്ടിച്ചേർത്തു തങ്ങളുടെ ജീവനലോകം രൂപപ്പെടുത്തിയവരാണ് പഴമക്കാർ. പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും ആ ജീവിതശൈലി അവർക്കുനൽകിയത് അനിശ്ചിതത്വത്തിന്റെ നടുവിലും വ്യക്തമായ ദിശാബോധമാണ്. സൗകര്യങ്ങൾ ഏറിയെങ്കിലും, സ്വപ്നങ്ങളും, നിരാശകളും, തകർച്ചകളും, ഇഷ്ടങ്ങളും, ഇത്തിരി സുഖങ്ങളും, ക്ഷോഭവും എല്ലാം പേറി തിരക്കുപിടിച്ചു പായുന്ന ഇന്നത്തെ മനുഷ്യൻ പലദിശകളിലേക്കു വലിച്ചുകീറപ്പെടുന്ന, എവിടേക്കോ ഓടിയൊളിക്കാൻ ആഗ്രഹിക്കുന്ന നിസ്സഹായനാണ്. ജോലി കഴിഞ്ഞു തിരികെയെത്തുമ്പോഴേക്കും ജീവിതം സന്തോഷപ്രദമായിരിക്കുന്നോ എന്ന് സ്വയം ചോദിക്കാനുള്ള ശക്തിപോലും അവരിൽ ഉണ്ടായിരുന്നില്ല. പിന്നീട് അത്തരം കാര്യം ഓർക്കാനുള്ള സമയം പോലും ഇല്ലാതായി. ഇന്ന് അത്തരം ചോദ്യങ്ങളേ അപ്രധാനമായി മാറി. അവരുടെ ജീവനകഥ മെനയുവാൻ ജീവസ്പര്ശമുള്ള ഏതുദാഹരണമാണ് ചേർത്തുവയ്ക്കുക? അതുകൊണ്ട് അവരുടെ കഥകളിലും കലകളിലും ധൃതതാളം ഉൾച്ചേർന്നിരിക്കുന്നതിൽ ആശ്ചര്യമില്ല. ആകർഷണീയമായ ഒരു സങ്കൽപം ലഭ്യമായതുകൊണ്ടു മാത്രം അത് സ്വീകാര്യമാകണമെന്നില്ല, അവരുടെ സംഘർഷമുഖങ്ങളിൽ വ്യക്തത നല്കുന്നതാകണം അവ. ലഭ്യമായതും തങ്ങളെത്തന്നെ താല്പര്യത്തോടെ ഉൾപെടുത്താൻ കഴിയുന്നതുമായ കഥാശകലങ്ങളിലേക്കാണ് ജീവിതകഥയും ചേർത്തുവയ്ക്കുന്നത്.

ഒരു കാലത്തു ജോൺ മിൽട്ടൺ ന്റെ Paradise Lost ഉം ഡാന്റെ യുടെ Divine Comedy യും യാഥാർഥ്യബോധത്തോടെ വിശ്വാസികളുടെ മനസ്സിൽ ഇടം പിടിച്ചിരുന്നു. അവർ അവരുടെ പശ്ചാത്തലത്തോടും, താല്പര്യങ്ങളോടും ചേർത്ത് എഴുതിയ സാഹിത്യകൃതികൾ വിശ്വാസത്തിന്റെ ഭാഗമായി. ഭാവനാരൂപത്തിൽ അവർ സങ്കല്പിച്ച സ്വർഗ്ഗനരകങ്ങൾ മാറ്റപ്പെടാനാകാത്ത യാഥാർത്ഥ്യമായി. ആലങ്കാരികമായി കാണേണ്ടതിനെ അക്ഷരാർത്ഥത്തിലെടുക്കുന്ന വലിയ തെറ്റ് മതഗ്രന്ഥവ്യാഖ്യാനത്തിലും ദർശനകൃതികളുടെ വായനയിലും ഇന്നും ഉണ്ട്. വ്യാവസായികവിപ്ലവവും, നഗരത്തിലേക്ക് ചേക്കേറിയവരുടെ ജീവിതക്രമവും, അന്നുവരെ പാലിച്ചു പോന്ന 'ആത്മീയ' ജീവിതക്രമത്തോട് ഒത്തുപോകുന്നവ ആയിരുന്നില്ല. തെറ്റുകളുടെ ലോകമായി പരമ്പരാഗത സമൂഹം അതിനെ വിധിച്ചപ്പോൾ, പാലിക്കപ്പെടാൻ നിവൃത്തിയില്ലാത്ത അത്തരം ക്രമങ്ങളിലേക്കു പിന്നീട് അവർ തിരിഞ്ഞുനോക്കിയും ഇല്ല. അവിടെയുള്ള ചുറ്റുവട്ടങ്ങളിൽ ഒതുങ്ങിനിൽക്കുന്ന, ‘ആഴുക്കിന്റെ' ലോകത്തെ സംഘർഷങ്ങളിൽ ഉൾപ്പെടാതെ മാറിനിൽക്കുന്ന ഒന്നാണ് അവിടെയുള്ള പൂജനീയ യാഥാർഥ്യം എങ്കിൽ അതിനു വ്യക്തമായ സ്ഥാനവും അവർ പിന്നീട് കണ്ടില്ല. ഉത്തരം നല്കുന്നില്ലെങ്കിലും ജീവിക്കുന്നിടത്തു അപരനാകാതെ നിൽക്കുന്ന ദൈവമുഖം എന്നും മനുഷ്യൻ തേടുന്നുണ്ട്.

പുതുതലമുറ തങ്ങളെ ഉൾച്ചേർത്തുന്ന ജീവനകഥകൾ, Harry Potter, The Lord of the Rings, മറ്റനേകം ശാസ്ത്രസങ്കല്പിക കഥകൾ മുതലായവയിലെ ഇതിവൃത്തങ്ങളാണ്. തനിക്കുവേണ്ടി സങ്കല്പിക്കുന്ന ലോകത്തെ ഹൃദയഹാരിയായ രൂപകങ്ങളോട് അവർ ചേർത്ത് വയ്കുന്നെങ്കിൽ തെറ്റുപറയാനില്ല. യാഥാർഥ്യങ്ങളെ മനസിലാക്കാനും, അനുഭവങ്ങളെ പ്രകടിപ്പിക്കാനും മനുഷ്യൻ പ്രതീകങ്ങളെയും ദൃഷ്ടാന്തങ്ങളെയും വിനിമയോപാധിയാക്കുന്നു എന്നതുകൊണ്ടുതന്നെ, ഇത്തരം സാങ്കല്പിക കഥകൾ അവരുടെ യാഥാർത്ഥ്യബോധ്യങ്ങളിലേക്കു കടക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയേ തീരൂ. മനുഷ്യരായിരിക്കെത്തന്നെ അതിമാനുഷത്തം സങ്കല്പിക്കുന്ന ഒരു ആന്തരികലോകം അവർക്കുണ്ട്. Virtual Reality പോലുള്ള സാങ്കേതികവിദ്യകൾ അല്പസമയത്തേക്കാണെങ്കിലും വലിയ പ്രഭാവത്തോടെ മറ്റൊരുലോകത്തായിരിക്കുവാൻ അവരെ സംവഹിക്കുന്നുണ്ട്. പ്രകാശവേഗതയിൽ സഞ്ചരിക്കുക, മറ്റൊരു നക്ഷത്രസമൂഹത്തിന്റെ വിരുന്നുകാരാവുക തുടങ്ങിയവ സങ്കല്പികമാണെങ്കിലും അവർക്കു സാധ്യതകളാണ്. കമ്പ്യൂട്ടർ ലോകത്തെ മനുഷ്യന്റെ സ്ഥിതിയെയും കാര്യമായെടുക്കേണ്ടതുണ്ട്. ബോധേന്ദ്രിയങ്ങളുള്ള ചിന്താശക്തിയുള്ള വൈയക്തികമായ സത്തകളായി Artificial Intelligence മാറിക്കഴിയുമ്പോൾ മനുഷ്യൻ അവയുടെ ആശ്രിതരായി തീർന്നേക്കും. ജൈവപ്രക്രിയയിലൂടെ നൂറ്റാണ്ടുകളിൽ നമ്മളിൽവന്ന ബൗദ്ധികപരിണാമത്തിലും പതിന്മടങ്ങു വേഗത്തിൽ, അതിവികസിതമായ തലത്തിലേക്ക് സ്വയം രൂപകൽപന ചെയ്യാനും അവയ്ക്കായേക്കും. നമ്മുടെ സങ്കല്പ മാതൃകകളും വിനിമയരീതികളും തീർത്തും മാറേണ്ടതായും വരും. അപ്പോൾ ദൈവസങ്കല്പങ്ങളും, മതഘടനകളും, ആത്മീയനിലപാടുകളും പുനർചിന്തനം ചെയ്യപ്പെടേണ്ടതായി വരും. അത്തരത്തിലുള്ള ഏതാനം വെല്ലുവിളികൾ ചെറിയതോതിലെങ്കിലും ഇന്നേ നമ്മൾ നേരിടുന്നുണ്ട്.

വിഭജിതമായ വ്യക്തിത്വങ്ങളുമായി പലമാന പ്രതീക്ഷകൾക്ക് മുമ്പിൽ വിറങ്ങലിച്ചു പോകുന്ന, കത്തിയമരുന്ന ജീവിതങ്ങളെ നോക്കിക്കാണാനും, അവയിലെ മനുഷ്യനാകാൻ കൊതിക്കുന്ന ഉണ്മയെ മൃദുലതയോടെ തൊട്ടുതലോടുവാനും ആത്മീയതകൾക്കു കഴിഞ്ഞെങ്കിൽ! വിശ്വാസസംഹിതകളെയും മതമേൽക്കോയ്മയെയും സംരക്ഷിക്കാനുള്ള ബദ്ധപ്പാടിൽ കാണപ്പെടാതെപോയത്, മാറുന്ന സമൂഹത്തിൽ അതിന്റെ ഭിന്ന സാഹചര്യങ്ങളിൽ തളർന്നുപോകുന്ന മനുഷ്യനാണ്. മറുതലിപ്പോ തിന്മയോ അല്ല അവരിലുള്ളത്, നിസ്സഹായാവസ്ഥയാണ്. തിന്മയെന്നു പേരിട്ടു വിളിക്കപ്പെടുന്ന പല ആധുനികപ്രവണതകളും, സാമൂഹികമോ വ്യക്തിപരമോ ആയ ഏതു ആവശ്യങ്ങളെ മുതലെടുക്കാൻ ശ്രമിക്കുന്നു എന്ന് മനസിലാക്കാൻ ശ്രമിച്ചെങ്കിൽ ആത്മീയവിശ്വസ്തർ അവർക്കെതിരെ വിധി പറയുമായിരുന്നില്ല. സാമൂഹികമോ വ്യക്തിപരമോ ആയ സങ്കീർണപ്രശ്നങ്ങൾക്ക് വസ്തുനിഷ്ഠമായ അവലോകനത്തിലേക്കും, സ്വയം പരിശോധിക്കേണ്ട ഉത്തരവാദിത്തങ്ങളിലേക്കും സമൂഹത്തെയോ വ്യക്തിയെയോ നയിക്കുന്നതിന് പകരം മതപരമോ ആത്മീയപരമായ വ്യാഖ്യാനങ്ങൾ നല്കപ്പെടുമ്പോളും, സാഹചര്യങ്ങൾ മുതലെടുക്കപ്പെടുകയാണെന്നതാണ് സത്യം. മനുഷ്യന്റെ വിലയും, സ്വയാവബോധവും, ചുറ്റുമുള്ള യാഥാർഥ്യങ്ങളോട് ഒത്തുചേർത്തു, സ്വയം എണീറ്റ് നിൽക്കുവാനും, കൈകോർത്തു പിടിച്ചു നടക്കാനുള്ള ഉൾക്കരുത്ത് നേടിയെടുക്കാനും തുണയ്ക്കുന്ന അതിജീവനത്തിന്റെ ശക്തിയാകണം ആത്മീയത. തികഞ്ഞ ഉൾബലത്തോടെ ജീവിക്കാൻ മനുഷ്യനെ സജ്ജമാക്കുന്ന ആത്മീയതക്ക് ഈ രണ്ടു യാഥാർഥ്യങ്ങളോടും ആഴത്തിലുള്ള ബന്ധമുണ്ടാകും. ആശ്രമത്തിലെ പൂജാമുറിയിലിരുന്നു യുദ്ധസ്ഥലത്തെ പട്ടാളക്കാരനുവേണ്ടി പ്രാർത്ഥിക്കാം. എന്നാൽ അവൻ എങ്ങനെ പ്രാർത്ഥിക്കണമെന്നോ, എന്ത് പ്രാർത്ഥിക്കണമെന്നോ പറയാൻ അയാളുടെ ഹൃദയത്തിന്റെ കണ്ണുകളിലൂടെ എല്ലാമൊന്ന് കാണാനായെങ്കിലേ കഴിയൂ.

ശാസ്ത്രജ്ഞനെയും നിരീശ്വരനെയും ഉത്തരം മുട്ടിക്കുന്ന കുട്ടിയുടെ പരിഹാസഭാവത്തിൽ, എന്തൊക്കെയോ സ്ഥാപിച്ചെടുത്തെന്ന വ്യർത്ഥാഭിമാനം കരുത്തായെടുക്കുന്നവരാണ് നമ്മളിൽ പലരും. പവിത്രസ്ഥാനങ്ങളിലെ തീർത്ഥയാത്രികരോടു നിഷ്ഠാചര്യകളെക്കുറിച്ചു പലയാവർത്തി ഉപദേശിക്കാൻ നമുക്ക് മിടുക്കാണ്. നമ്മൾ കുത്തകയാക്കിയിരിക്കുന്ന പവിത്രതക്ക് പകരം, തീർത്ഥാടകരിലെയും മറ്റനേകരിലെയും ഉറവകൾ കാണാനും, പറ്റുമെങ്കിൽ കാണിച്ചു കൊടുക്കാനും കഴിഞ്ഞെങ്കിൽ അഴുക്കുചാലെന്നു വിധിക്കപ്പെട്ട നഗരനൊമ്പരങ്ങൾക്കിടയിൽ കൃപയുടെ നീർച്ചാലുകൾ കണ്ടെത്താനാകും. ആരാധനാലയങ്ങൾ നിലം പൊത്തും, ദൈവസങ്കല്പങ്ങൾ മാറിപ്പോകും എന്നാലും നമ്മുടെ പ്രത്യാശ നന്മനിറഞ്ഞ മനുഷ്യഹൃദയങ്ങളിൽത്തന്നെ. അവരവരുടെ ആഴങ്ങൾ കാണാൻ പരസ്പരം സഹായിക്കാം, നമ്മുടെ തന്നെ നന്മകളിലേക്കു, സത്യത്തിലേക്ക്, ആന്തരിക സൗന്ദര്യത്തിലേക്കു, കരുണയിലേക്കു, ഹൃദയത്തിന്റെ അലിവിലേക്ക്. തീർച്ചയായും അവിടെ ക്രിസ്തുവിനെ നാം കണ്ടു മുട്ടും; പുറത്തുനില്കുന്നവനായല്ല, നമ്മുടെ തന്നെ സത്തയുടെ ഭാഗമായി. ഉള്ളിൽ ക്രിസ്തുസാധ്യത കണ്ടു തുടങ്ങുന്ന ആളുടെ ഉൾവെളിച്ചം ഏത് അന്ധകാരത്തിലും പ്രകാശിക്കും.
____________
An English version is available at Can I still pray in the computer world?

19 November 2017

കുഴിയിലിട്ട പൊൻനാണയം

ജീവന്റെ ഊർജം നീ നൽകി,
വെള്ളവും ഭോജനവും
വായുവും നീ നൽകി .
ഇതാ, നന്ദിയോടെ,
എന്നിൽ അവക്ക് ഞാൻ പുതിയ മാനമേകി.
___________
ജീവിതത്തിനാനന്ദവും,
ദിനമൊന്നൊന്നായ് ജീവിക്കാൻ
കരുത്തും നീ നൽകി.
നിന്റെ കരം പിടിച്ചു
അവക്കും ഞാൻ ജീവന്റെ പുതുമ നൽകി.
______________

അനേകരിലെ പ്രചോദനങ്ങളിലൂടെ കേട്ടതൊക്കെയും
ഒരുവേള ഗ്രന്ഥമായി.
അക്ഷരത്താഴിട്ടുപൂട്ടി
പുസ്തകത്താളുകളിൽ വചനം ഞാൻ കുഴിച്ചു വച്ചു;
കേടുപറ്റുകയോ, കവർന്നുപോകയോ അരുതല്ലോ.
പൂട്ടപ്പെട്ട അക്ഷരങ്ങൾ ചിതലായി, കടന്നലായി
സിരകളിൽ വിഷമായി, ഹൃത്തിൽ ദംശനമായി
___________
ജീവന്റെ അരുവികളിൽ,
ചുടുകാറ്റിൽ, ഋതുക്കളിൽ
നീ ഹൃദ്യമായി മന്ത്രിച്ചുകൊണ്ടിരുന്നു.

Most Viewed

Featured post

MAGA cult

A cult usually create a convenient deity for the group. It serves the intentions of the group, emotionally, (closed) culturally, and politic...