തളിരുകൾ

12 February 2018

നോമ്പ്: വിതയ്ക്കാൻ ഒരു കാലം!

പുണ്യങ്ങളുടെ, പ്രത്യാശയുടെ ഒരു കാലത്തേക്ക്  നാം പ്രവേശിക്കുകയാണ്. "മനുഷ്യാ, നീ മണ്ണാകുന്നു" എന്ന് കേട്ടുകൊണ്ടാണ് ഈ വിശുദ്ധകാലം നമ്മൾ തുടങ്ങിവയ്ക്കുന്നത്. സൗന്ദര്യസ്വപ്നങ്ങളും, അഹന്തകളും, മോടികളുമെല്ലാം ഒരുവേള വീണ്ടും മണ്ണിൽ അഴുകിച്ചേരണം. ഈ നശ്വരത നാം ധ്യാനിക്കുന്നുണ്ട്. മണ്ണ് ശവപ്പറമ്പിനെ ഓർമിപ്പിക്കുന്നു എങ്കിൽ നമ്മുടെ ശവക്കുഴിയെക്കാൾ മറ്റൊരു ശവക്കല്ലറ കൂടി ഓർമയിൽ സൂക്ഷിക്കാൻ, സുവിശേഷത്തിലെ അവഗണിക്കപ്പെട്ട ചില അകംപൊരുളുകൾ നമ്മോടു പറയുന്നുണ്ട്. നന്മകൾ വിതച്ചിട്ടു പോയ ഒരുവന്റെ ഉത്ഥാനം ഓർമിപ്പിക്കുന്ന ആ കല്ലറ. നശ്വരതയിൽ, അപമാനത്തിൽ, ബലഹീനതയിൽ വിതക്കപ്പെടുന്നു, മഹിമയിൽ ഉയിർപ്പിക്കപ്പെടുന്നു എന്ന് വി. പൗലോസ് എഴുതിയതിന്റെ യാഥാർത്ഥ്യഭാവം. അങ്ങനെ നോക്കുമ്പോൾ മണ്ണ് ശ്‌മശാനഭൂമി മാത്രമല്ല അത് വിളനിലമാണ്. ഒരുപക്ഷെ പലവട്ടം വിള പരീക്ഷിച്ച മണ്ണ്. ഒരു നല്ല മനുഷ്യനാകാൻ, നല്ല ഭാര്യയോ ഭർത്താവോ, അമ്മയോ രക്ഷിതാവോ, സുഹൃത്തോ  പ്രേയസിയോ ആകാൻ  ശ്രമിച്ചിട്ടും പ്രതീക്ഷക്കൊത്തു ഫലം പുറപ്പെടുവിക്കാത്ത എന്നിലെ മണ്ണ്. അധികമൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ നമ്മിലെ മണ്ണിന്റെ പരിപോഷണസാധ്യത പരിശോധിക്കേണ്ടതില്ലേ?

പശ്ചാത്തപിക്കുക, സുവിശേഷത്തിൽ വിശ്വസിക്കുക എന്ന ആഹ്വാനത്തിലാണ് നാല്പതു ദിവസങ്ങളിലേക്ക് നമ്മൾ കടക്കുന്നത്. ക്രിസ്തുവിനെ പിൻചെന്നുകൊണ്ടാണെങ്കിൽ ഉപവാസത്തിന്റെ നാല്പത്
ദിവസങ്ങൾക്കു മുമ്പ് ക്രിസ്തുവിനുണ്ടായ അനുഭവം കൂടി നമുക്ക് ധ്യാനിക്കണം. ഉറവകളുടെ ആഴങ്ങളിലേക്ക് ക്രിസ്തു കടന്നു പോകുന്നുണ്ട്. ആഴങ്ങളിൽ സ്ഥിരീകരിക്കപ്പെട്ട ബോധ്യമാണ് ഉപരിതലേ മുഴങ്ങുന്നത്:
"ഇവൻ എന്റെ പ്രിയപുത്രനാകുന്നു." അതിനാണ് മണ്ണിന്റെ ഉറവകളിലേക്കു ആഴങ്ങൾ തേടിയിറങ്ങേണ്ടത്. ദൈവപുത്രസ്ഥാനത്തെക്കുറിച്ച്  ഒരുവേള കൂടി ബോധ്യപ്പെടാനാണ് യഥാർത്ഥ അനുതാപത്തിന്റെ വിളി. നിർമലതകളുടെ ആ ഉറവകളെ തേടിയേ തീരൂ.

മടങ്ങിയെത്തിയ ധൂർത്തപുത്രൻ കാണാതായതിനെക്കുറിച്ച് ഒരു കഥയുണ്ട്. പലരും അന്വേഷിച്ചു. അവസാനം അതാ, അവൻ അടുത്തുള്ള പന്നിക്കൂട്ടിൽ നോക്കി കരഞ്ഞുകൊണ്ടിരിക്കുന്നു. "ഞാൻ എന്തൊക്കെയാണ് ചെയ്തത്, വീടിനുള്ളിൽ കഴിയാൻ എനിക്ക് ലജ്ജ തോന്നുന്നു. വേല ചെയ്ത്  എല്ലാറ്റിനും എനിക്ക് പരിഹാരം ചെയ്യണം. അതുകഴിഞ്ഞേ ഞാൻ വീട്ടിലേക്കുള്ളു."
പിതാവിന്റെ ഹൃദയത്തിനു യഥാർത്ഥത്തിൽ മുറിവേറ്റത് അപ്പോഴാണ്. ഹൃദയം തുറന്നു സ്വീകരിച്ചിട്ടും ഇവൻ എന്നെ കരാറുകാരനെപ്പോലെയും പലിശക്കാരനേപ്പോലെയും  കാണുന്നതെന്തുകൊണ്ടാണ്? എന്റെ
സ്നേഹം അറിയാത്തതെന്തുകൊണ്ടാണ്? പിതാവിന്റെ ഈ വേദന നമുക്കും കാര്യമായെടുക്കേണ്ടതുണ്ട്. നമ്മുടെ ഉപവാസങ്ങളും പുണ്യപ്രവൃത്തികളും തീർക്കുന്ന മുതൽക്കൂട്ടിന്റെ പ്രതിഫലമായി അനുഗ്രഹങ്ങളെ കണ്ടുശീലിക്കരുത്. അത് മണ്ണിന്റെ അഹങ്കാരമാണ്. നമ്മൾ സ്വീകരിക്കുന്ന കഷ്ടതകളിലെ ദയനീയാവസ്ഥയാണ് പിതാവിന് പ്രിയങ്കരം എന്നും കരുതരുത്. നിസ്സഹായവസ്ഥയിലെ ദയായാചനയല്ല പിതാവാഗ്രഹിക്കുന്ന ബന്ധം, യാചകരായിക്കാണാൻ പിതാവിന് വേദനയാണ്. പിതാവിന്റെ ഹൃദയത്തെ അത്രമേൽ ചുരുക്കിക്കളയരുത്. നഷ്ടപ്പെടുത്തിയ പുണ്യകാലങ്ങളെക്കുറിച്ചു ഓർക്കുന്നതിൽ തെറ്റില്ല. എന്നാൽ നിന്റെ തന്നെ കരുണക്കപ്പുറത്തേക്കു അവ കളഞ്ഞുപോയിട്ടില്ല. ദൈവമകനോ മകളോ ആയിത്തന്നെ ദൈവം നമ്മെ കാണുന്നു എന്ന് നമ്മോടുതന്നെ പറയാനുള്ള തുറവിയാണ് ആ കരുണ. ചെയ്തുതീർക്കാനുള്ള, സ്വയം സാധൂകരിക്കാനുള്ള ആത്മീയചിട്ടകളിൽ മണ്ണിനു ജീവസാധ്യതയില്ല; ജീവാംശം സ്വീകരിക്കാൻ ജലാംശമില്ല, കൃപാംശമില്ല.
 മുപ്പതു മേനിയും അറുപതു മേനിയും മാത്രം പുറപ്പെടുവിക്കാനേ കഴിഞ്ഞുള്ളു എങ്കിലും, കാട്ടുമുന്തിരിയും പതിരും പുറപ്പെടുവിച്ചു എങ്കിലും, വിളഭൂമി മുഴുവൻ കാട്ടുമൃഗങ്ങൾ വികൃതമാക്കിയെങ്കിലും, വീണ്ടുമൊരു വിത്ത് വിതക്കാൻ മണ്ണിനു മേന്മയുണ്ടെന്നതാണ് സുവിശേഷം. അഴുക്കുകളെന്ന് ഒരുതലത്തിൽ വിളിക്കപ്പെടുന്നത് തന്നെ അഴുകി, നീറിപ്പൊടിഞ്ഞു വളമായാണല്ലോ മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നത്. ചുറ്റും വിളവു മോഷ്ടിക്കുന്ന കവർച്ചക്കാരാണെന്നും ഏതുനിമിഷവും ശത്രു കള വിതച്ചേക്കാമെന്നും കരുതി ജീവിതം മുഴുവൻ ആകുലത നിറക്കുന്നത്, നമ്മിലെ മണ്ണിനെക്കുറിച്ചു അവബോധമില്ലാത്തതുകൊണ്ടും, കൃഷിക്കാരന്റെ സംരക്ഷണത്തിൽ വിശ്വാസം പോരാത്തതു കൊണ്ടുമല്ലേ?
കയ്യൊഴിഞ്ഞുപോയ എത്രയോ വിളനിലങ്ങൾ നമ്മൾ കാണാറുണ്ട്! നിരാശയിൽ, അപമാനത്തിൽ, ഭയത്തിൽ ഉപേക്ഷിക്കപ്പെട്ടവയാണവ. അത്തരം സ്ഥലങ്ങൾ ക്രമേണ കളിസ്ഥലമായോ, ചന്തസ്ഥലമായോ, യുദ്ധഭൂമിയായോ മാറിയേക്കാം. കനിവറിഞ്ഞുകൊണ്ട്, സ്നേഹമറിഞ്ഞുകൊണ്ട് നമ്മിലെ  ഉപേക്ഷിച്ചുകളഞ്ഞ  വിളനിലങ്ങൾ വീണ്ടെടുക്കണം.
സ്നേഹാനുഭവങ്ങൾ ഊറിയാണ്  നമുക്ക് വളക്കൂറുണ്ടാകുന്നത്. അവിടെയേ പുണ്യങ്ങൾക്കു വളരാനാകൂ. സ്നേഹാനുഭവങ്ങളിൽ ജീവജന്യമായ ഏതാനം ധാതുക്കൾ ഉൾച്ചേർന്നിട്ടുണ്ട്.  'മണ്ണിൽ നിന്ന് രൂപപ്പെട്ട മനുഷ്യനാണ് നാമെങ്കിൽ, ഈ മനുഷ്യഭാവത്തിലെത്തിച്ചേരാൻ എത്രയോ കനിവുകളാണ് ദൈവകരങ്ങളായത്! ശരീരത്തിലെ മൂലകങ്ങൾ ആദ്യം പിറന്ന നക്ഷത്രങ്ങൾ മുതൽ, ജീവകോശങ്ങളിൽ നമ്മിലെ ജീവഭാഷ നൽകിയ കുടുംബവും സമൂഹവും വരെ; കഴിച്ച ആഹാരം വിളഞ്ഞ മണ്ണും, അതിൽ വീണ വിയർപ്പും നമ്മെ രൂപപ്പെടുത്തിയ, നമ്മെ ഊട്ടിയ ദൈവകരങ്ങൾ തന്നെ. അറിയാതെ അടിത്തട്ടിൽ
സ്വീകരിക്കപ്പെട്ട കനിവാണ് മണ്ണിന്റെ പുളകം. ആന്തരികപ്രചോദനവും കനിവിന്റെ ബോധ്യം തന്നെ. നശ്വരതയെയും നിർബലതകളെയും കുറിച്ചോർക്കുമ്പോൾ, അതിനാൽത്തന്നെ നാം എത്രയോ പരസ്പരാശ്രിതരാണെന്നു ഒരു വേള ഓർമിച്ചിരുന്നെങ്കിൽ കനിവ് വീണ്ടുമൊരു പുളകമായി നമ്മിൽ വളരും.

ധൂർത്തപുത്രന്റെ മറ്റൊരു കഥയുണ്ട്. തിരിച്ചുവരവിന്റെ ആഘോഷങ്ങൾ ഒരുപാടു നടന്നു. ദിവസങ്ങൾ കഴിഞ്ഞു, ആളൊഴിഞ്ഞു. ഭക്ഷണമേശ അവനെ നിരാശപ്പെടുത്തി. ആട്ടവും,പാട്ടും അത്ഭുതങ്ങളും ഇല്ല. "ഒരു മീൻ കഷണം  പോലും തരാൻ കഴിയാത്ത കഴിവുകെട്ട അപ്പൻ," അവൻ പിറുപിറുത്തു." ആഘോഷങ്ങളുടെ തിരക്കിൽ, വർണശോഭയിൽ ഒന്നും സംസാരിക്കാനായില്ല. അൽപനേരം അടുത്തിരുന്നു സംസാരിക്കാമെന്നു ഞാൻ കരുതി," പിതാവ് അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. സേവകർക്കു പോലും സുഭിക്ഷമായി ലഭിക്കുന്ന സമൃദ്ധിയിലാണ് അവന്റെ സന്തോഷം. ആചാരങ്ങളിൽ, വർണശോഭയിൽ ദൈവനാമം ഏറ്റുപറഞ്ഞു ഘോഷിക്കപ്പെടാറുണ്ടെങ്കിലും, വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്ന യാഥാർത്ഥ്യമാണ് ദൈവമാഗ്രഹിക്കുന്ന ഈ ഹൃദയബന്ധം. തിളക്കമുള്ള കടലാസ് തോരണങ്ങൾക്കു വേണ്ടി, ആ ഹൃദയബന്ധത്തെ മകനോ മകളോ ആയ നമുക്ക് തുച്ഛമാക്കാനാകുമോ? സേവകർ എന്ന് ധരിക്കുന്നവർക്ക്   ആട്ടവും പാട്ടും ആൾക്കൂട്ടവും ആണ് പ്രിയം. സേവകരുടെ മാസ്മരികവ്യാഖ്യാനങ്ങൾ തീർത്ത വിവരണങ്ങൾ  അവരുടെ വൈകാരികഭ്രമങ്ങൾക്കു തീവ്രതയേറ്റി. തെറ്റുകാരെന്നു നിന്ദിച്ചു മക്കളെ ഭവനത്തിനു പുറത്തിരുത്തുന്നതു ഈ സേവകരാണ്. ആട്ടവും പാട്ടും സ്വയം മാമാങ്കമാക്കിയവർക്കു അവരുടെ പങ്കിനെക്കുറിച്ചാണ് ആശങ്ക. മണ്ണിലേക്ക് മഴ തടഞ്ഞത്  അവരാണ്, നിന്റെ മണ്ണ് ശാപഭൂമിയായിത്തീർന്നെന്നു പറഞ്ഞു പ്രചരിപ്പിച്ചതും അവരാണ്.  ജീവിതാനുഭവങ്ങളും ക്രിസ്തുസ്പർശനവും ഒരുമിച്ചു ചേർന്നാണ് നമ്മിലെ മണ്ണൊരുക്കുന്നത്. നമ്മിലെ മണ്ണിന്റെ ആഴങ്ങളിലേക്ക് പോകാൻ നമുക്കു കഴിയണം.  അവിടെയാണ് മറഞ്ഞിരിക്കുന്ന നിധി. നിധി ആയിട്ടാണെങ്കിലും വിത്തായാണെങ്കിലും ആ സാധ്യത ക്രിസ്തുവിലേക്കു വളരുക എന്ന പ്രക്രിയയാണ്. നമ്മിൽ രൂപപ്പെടാനാകുന്ന ക്രിസ്തുസ്വഭാവങ്ങളാണ് ഈ മണ്ണിൽ വിതക്കപ്പെടാനുള്ള വിത്തുകൾ.
നമ്മിലെ മണ്ണിന്റെ ആഴങ്ങളെക്കുറിച്ച്,  ഗുണത്തെക്കുറിച്ച്,
പിതാവിനേക്കാൾ അധികമായി ആർക്കാണ് അറിയാവുന്നത്. ആ പിതാവിനോടൊപ്പമിരിക്കാനുള്ള ഏതാനം ദിനങ്ങളാണ് ഈ നോമ്പുകാലം. നമ്മിൽ വന്നുചേർന്ന ക്ഷീണവും വേദനയും മാത്രമേ നാമറിയുന്നുള്ളു. ആ ക്ഷതങ്ങളെ അതിന്റെ ആഴങ്ങളിൽ അറിയാൻ പിതാവിനടുത്ത്  ഇരുന്നല്ലേ തീരൂ. അവിടെ മുറിവുകൾക്കും അതിന്റെ ചരിത്രത്തിനും പ്രസക്തിയില്ല. സ്നേഹത്തിൽ പകർന്നുനൽകുന്ന കൃപാതൈലം സൗഖ്യത്തിനും ശക്തിക്കും കാരണമാകും. മരണത്തെക്കുറിച്ചും ജീർണതകളെക്കുറിച്ചും ഓർക്കാൻ പിതാവ് പറയുന്നില്ല, മറിച്ച് ഉണർവിനെയും ജീവനെയും അവിടുന്നു കാണിച്ചുതരുന്നു.

രക്തച്ചൊരിച്ചിലും നെറികേടുകളും സഹിച്ച, കണ്ണീരും വിയർപ്പും ഏറ്റുവാങ്ങിയ മണ്ണാണിത്. പാവങ്ങൾ അന്യായത്തിനിരയാകുമ്പോൾ, കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ നിഷേധിക്കപ്പെടുന്നത് കനിവുകളാണ്. മണ്ണിനാഴമില്ലാതെ പാറകൾ രൂപപ്പെടുന്നതും, ജീവൻ കൊതിക്കുന്ന പുത്തൻ തളിരുകളെ ഞെരുക്കുന്ന മുള്ളുകൾ രൂപപ്പെടുന്നതും ഈ നിഷേധത്തിന്റെ ഫലം. മണ്ണിന്റെ ഈ വേദനയെക്കൂടി കാര്യമായെടുക്കാതെ നോമ്പാചരണം അർത്ഥവത്താകില്ല. അനീതിയുടെ അത്തരം കല്ലുകളെ അലിയിച്ചു കളയാൻ നോമ്പുകളിലൂടെ നമ്മിലെ മണ്ണിൽ ഒഴുകിത്തുടങ്ങുന്ന ഏത് ഉറവകളാണുള്ളത്?

വീണ്ടുമൊരു വിതക്കാലമാണ് നോമ്പുകാലം. നമ്മിലെ മണ്ണിനെ ശപിക്കാതെ, ഉപേക്ഷിക്കാതെ മണ്ണിന്റെ മേന്മ അറിയാൻ, മുറിപ്പെടുത്താത്ത കലപ്പ കൊണ്ട് മണ്ണൊരുക്കാൻ നല്ല വിതക്കാരനെ അനുവദിക്കാൻ, ക്രിസ്തുരൂപങ്ങൾ മുളപൊട്ടി വളരുന്ന വിത്ത് സ്വീകരിക്കാൻ, ഒരു ഓർമ്മപ്പെടുത്തൽ: "മനുഷ്യാ, നീ മണ്ണാകുന്നു." അതൊരു ആശ്വാസ വചനമാണ്. മണ്ണിലേക്ക് മടങ്ങുക എന്നതിന് ശാപവാക്കുകളിലേറെ പ്രതീക്ഷയും പ്രോത്സാഹനവുമുണ്ട്.നമ്മളായിത്തീർന്ന പ്രകൃതികണികകളുടെ നിർമലതകളിലേക്കു മടങ്ങാൻ,ആ കരപരിപാലനയുടെ ധന്യതയിൽ ആദ്യനിഷ്കളങ്കതയെ ഒരിക്കൽ കൂടി ജീവിക്കാൻ ഒരു പ്രേരകശബ്ദം.

No comments:

Post a Comment

Most Viewed

Featured post

Remain in my love

We are on the 6th Sunday of Easter. Have we met the risen Christ? In opening the Scriptures and breaking of the bread, the Church has been l...