തളിരുകൾ

10 December 2017

വചനം മാംസമായി - നസ്രത്തിലും, നമ്മിലും


ഒരു സാധകന്റെ പാത തന്നെത്തന്നെ കണ്ടെത്തുവാനുള്ള പരീക്ഷണങ്ങളുടെ അന്വേഷണപ്രക്രിയയാണ്. എന്നിലെ ഞാൻ ഇനിയും ജനിച്ചിട്ടില്ല എന്ന തിരിച്ചറിവാണ് ഈ ധ്യാനത്തിന്റെ ആധാരം. പ്രത്യേക ഗുണങ്ങൾ തിരിച്ചറിയാൻ പരീക്ഷണനിരീക്ഷണങ്ങളിൽ ദർപ്പണങ്ങളും ലെൻസുകളും, ആസിഡുകളും ആൽക്കലികളും നമ്മൾ ഉപയോഗിക്കാറുണ്ട്. നമ്മിലെ ആന്തരികമനുഷ്യനെ കണ്ടെത്തുവാനും സമാനമായ പരീക്ഷണനിരീക്ഷണങ്ങൾ ആവശ്യമാണ്. 

ദൈവസ്നേഹത്തിൻ്റെ ആഴങ്ങളിലാണ് നമ്മുടെ യഥാർത്ഥ മുഖദർശനം - നമ്മിലെ സൗന്ദര്യവും, വൈകൃതങ്ങളും - നമുക്ക് ലഭ്യമാകുന്നതെന്നു സിയന്നായിലെ വി. കത്രീന എഴുതുന്നു. ഈ ദർശനബോധം അഹങ്കാരത്തിന്റെയോ അപമാനത്തിന്റെയോ ഭാരങ്ങൾ നമുക്കുമേൽ ഏൽപ്പിക്കുന്നില്ല, മറിച്ചു കൃതജ്ഞതയുടെയും, സാന്ത്വനത്തിന്റെയും ഭാവങ്ങളാണ് ഈ അവബോധം പകർന്നു നൽകുന്നത്. എത്രയോ കഠിനതകൾ, ധ്യാനനിമിഷങ്ങളിലൂടെയും, ഈശ്വരസ്പർശത്തിലൂടെയും കടന്നുപോയിട്ടാണ് നമ്മിലെ ആന്തരികസത്ത നമുക്കുമുമ്പിൽ പതിയെ തെളിഞ്ഞുവരുന്നത്. അളന്നുതിട്ടപ്പെടുത്തി കണ്ടെത്തേണ്ടത് ഇതാണ്: എത്രമാത്രം ഞാനൊരു ക്രിസ്തുവായിരിക്കുന്നു, ഇനിയും എത്രദൂരം കൂടി അവനിലേക്ക്‌ നടന്നു പോകേണ്ടിയിരിക്കുന്നു, ഇനിയും ക്രിസ്തുചൈതന്യം അനുവദിക്കാത്ത എൻ്റെ ജീവിതഭാവങ്ങൾ ഏതൊക്കെയാണ്? 

ക്രിസ്തുമയമായ ഒരു ജീവിതക്രമം, അവൻ്റെ ജീവിത-ലോക ദർശനങ്ങളും, മനോഭാവങ്ങളും ഉൾക്കൊണ്ടു സ്വജീവിതത്തിൽ പൂർത്തീകരിക്കുക എന്നർത്ഥം വയ്ക്കുന്നു. എത്രയെത്ര ദിവ്യകീർത്തനങ്ങളാലപിച്ചാലും, എത്രതന്നെ പിശാചുക്കളെ ബഹിഷ്കരിച്ചാലും ഇത് സാധ്യമാവണമെന്നില്ല. ഹൃദയത്തിലുള്ള വചനമന്ത്രണം നമ്മിലെ ആന്തരികസത്തയെ പ്രശോഭിപ്പിക്കുമ്പോൾ, അത് ജീവസ്വരൂപം പ്രാപിക്കുമ്പോൾ നമ്മിലെ ക്രിസ്തുവിലേക്കു നാം ഉണരുകയായി. വാക്കുകളിലും ഉദ്ധരണികളിലും വിഗ്രഹവൽക്കരിക്കപ്പെടുന്നവയേക്കാൾ ആഴമുള്ളവയും, ജീവദായകവുമാണ് ആ വചനം. വചനം നശ്വരതയിൽ നമുക്കുമുമ്പിൽ അവതരിച്ചു, അതേവചനം ദൈവമക്കളാകുവാൻ നമുക്ക് കഴിവ് നൽകി, ക്രിസ്തുവാകാൻ ശക്തരാക്കി. ഈശ്വരവചനം ഹൃദയമന്ത്രണങ്ങളായി ആന്തരികസത്തയിൽ ഉറവപൊട്ടിത്തുടങ്ങുമ്പോൾ ക്രിസ്തു ഭ്രൂണഭാവത്തിൽ നമ്മിലും ജനിച്ചിരിക്കുന്നു എന്നറിയാം. 

എന്താണ് ഈ ക്രിസ്തുചൈതന്യത്തിന്റെ അടയാളം? ശാന്തശീലതയും, വിനീതഹൃദയവും തന്നെ. ക്രിസ്തുവിനെ സ്വശരീരത്തിൽ ഏറ്റുവാങ്ങിയ ഹൃദയനൈർമല്യത്തിന്റെ ഫലം - ആന്തരികസമാധാനം. നാം തീർക്കുന്ന അതിരുകളൊക്കെയും നമ്മെ ഭീതിപ്പെടുത്തുമ്പോൾ, അതിരുകൾക്കപ്പുറത്തേക്കു തന്നെത്തന്നെ തുറന്നിടാൻ ഈ സമാധാനം കരുത്തായി ഉണ്ടാവണം. വെറുപ്പിന്റെയും, വെല്ലുവിളിയുടെയും, അപമാനത്തിന്റെയും വാളുകൾ എതിരെവരുമ്പോൾ, വാളേന്തിയവനെ തുറന്ന/പിളർക്കപ്പെട്ട ഹൃദയത്തോടെ സ്വാഗതം ചെയ്യാൻ ഈ സമാധാനം നമ്മെ പ്രാപ്തരാക്കും. 

ജീവന്റെ എത്രയോ ഇഴകൾ ചേർത്ത് നെയ്യപ്പെട്ടവരാണ് നാമോരോരുത്തരും! ജനിതകപരമായും, സാമൂഹികമായും, കുടുംബപരമായും പരിപോഷണത്തിന്റെ ഒട്ടേറെ ബന്ധങ്ങളുടെ ഒരു കൃപാശൃംഖല. നമ്മിലേക്കെത്തിച്ചേരുന്ന ഓരോ ഇഴയും കൃപാചാലകങ്ങളാകേണ്ടിയിരുന്നു. അപൂർണരും, മുറിവേറ്റവരുമായ മനുഷ്യരുടെ അനുചിതമായ ഇടപെടലുകൾ കൃപയുടെ ഈ ജീവതന്തുവിനെ മുറിപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുരൂപത്തിലേക്കു വളരേണ്ട മനുഷ്യൻ വാടിത്തളർന്നു പോകുന്നത് അവൻ്റെ വേരുകളിലേക്കു ജീവന്റെ അരുവിയുടെ ഒഴുക്ക് തടസ്സപ്പെട്ടു പോയതുകൊണ്ടാണ്. കൃപയിൽ നിറയുന്ന ജീവിതം അസാധ്യമാകുന്നതും അതുകൊണ്ടാണ്. ആഗ്രഹിക്കുന്ന നന്മ പോലും അപ്രാപ്യമാക്കിത്തീർക്കുന്നതു, അത്രമാത്രം കൃപ സ്വീകരിക്കപ്പെടാനുള്ള എൻ്റെ വാതിലുകൾ എങ്ങനെയൊക്കെയോ അടയപ്പെട്ടു എന്നതാണ്. ആ കൃപാമാധ്യമങ്ങൾ തുറന്നേ തീരൂ. കൃപാബന്ധങ്ങൾ മുറിഞ്ഞുപോയതിനാൽ ജീവന്റെ അഭാവം നമുക്കുണ്ട്, പല അവസ്ഥകളിലും മരവിപ്പുണ്ട്, ക്ഷയിച്ചിട്ടുമുണ്ട്. പിറന്നു വീഴുന്ന ഒരു കുഞ്ഞുപോലും ഈ തളർച്ചയും ക്ഷതവും പേറി ജനനമെടുക്കുന്നു. 

ജീവന്റെ അഭാവമുള്ള, കൃപ ആവശ്യമായിരിക്കുന്ന നമ്മിലെ അവസ്ഥയെ വേണം ജഢികമനുഷ്യനെന്നു മനസിലാക്കാൻ. കൃപയിൽ അലിഞ്ഞുചേർന്നു നമുക്കായിത്തീരാൻ കഴിയുന്ന ക്രിസ്തുസാധ്യതയെ ആന്തരികമനുഷ്യനെന്നോ, ആത്മീയമനുഷ്യനെന്നോ വിളിക്കാം. പരിശുദ്ധാത്മ പ്രവർത്തനത്തിനായി തന്നെത്തന്നെ തുറന്നുകൊടുക്കുന്തോറും, ക്രിസ്തുവിലേക്കു വളരുന്ന ഒരുവനിൽ മരണാവസ്ഥകൾ - ജഢികമനുഷ്യൻ - പതിയെ ക്ഷയിച്ചുതുടങ്ങും, പുതിയ മനുഷ്യനായിത്തുടങ്ങും. 

ഒരു സമയം, നമ്മിലോരോരുത്തരിലും, ഓരോ അണുവിലും പല മാത്രയിൽ രൂപപ്പെട്ട ക്രിസ്തുസ്വഭാവം, സകലർക്കും, സകലത്തിനുമായി വെളിപ്പെട്ടുകിട്ടുമ്പോൾ, പരസ്പരം ബന്ധപ്പെട്ടുനിന്ന ജീവകണ്ണികളെ തിരിച്ചറിയുകയും, അതിസുന്ദരമായ പൂർണ്ണത പ്രകടമാവുകയും ചെയ്യും. 

പിന്നീട് ധ്യാനിക്കേണ്ടതില്ല, ലയനം പുതുജീവനാണ്.

1 comment:

Most Viewed

Featured post

Flower of Time

Next year, by this time, we may be there, I may have a job, I will have paid back the loan, and we should have a house. My medications may b...