തളിരുകൾ

16 December 2017

ബെത്‌ലെഹെം എനിക്കരികെയാണ്


കുയിലും പൂമ്പാറ്റയും ജറുസലേമിൽ ഭീതിയിലാണ്
ജറുസലേമിൽ നിന്ന് മടങ്ങുന്നവരെ കാത്തു
സമാധാനത്തിന്റെ ഇളംപ്രാവുകൾ ഇനിയും കുറുകുന്നുണ്ട്
കാണിക്കയായി ചൊരിയപ്പെട്ട ജീവരക്തം എന്റെ പ്രിയന്റേതായിരുന്നു
ജെറുസലേമിന്റെ ബലിക്കല്ലിൽ പിടയുന്ന വെള്ളരിപ്രാവുകൾ
കരയുന്ന കുഞ്ഞാടുകൾ

ഇടയന്റെ പുല്ലാങ്കുഴൽ അവിടെ നിശബ്ദമാകണം
അവന്റെ ഇളംനെഞ്ചിലെ ദിവ്യകീർത്തനം
അയോഗ്യത കല്പിക്കപ്പെട്ട പഴംപാട്ടുകൾ
                                             ____________________

ഇടയന്റെ മടിയിലിരുന്ന് കുഞ്ഞാട് പതിയെ തലയുയർത്തി
അപ്പോഴും വിറയൽ മാറിയിരുന്നില്ല
ഇടയൻ തലോടുന്നുണ്ടായിരുന്നു
എന്തോ വ്യത്യസ്തമായുണ്ട്
ഒരു സ്ത്രീ എന്നെ മാറോടു ചേർത്ത് പിടിച്ചു
സർവവും മറന്നു ഞാൻ കേൾക്കുന്നു,
ഒരു പുല്ലാങ്കുഴൽ ഗീതം.
ഇടയന്റെ ഗീതം -
ഹൃദയം ഒഴുകുകയാണ്...
എന്നെക്കുറിച്ചാണ്
അത് അവന്റെ നന്ദിയാണ്, സ്തുതിയാണ്,
ആരാധനയാണ്
ഹൃദയം ഒഴുകുകയാണ്....

പുതുതായി പിറന്ന ഒരു കുഞ്ഞിനുവേണ്ടി അവൻ പാടുകയാണ്
എന്നെ മാറോടു ചേർത്ത അതെ അമ്മയുടെ പിഞ്ചുകുഞ്ഞു
എന്റെ ജീവനുള്ള ഈണം
അവന്റെ ഹൃദയമുള്ള രാഗം.
ജീവസ്പർശമേറ്റ,
വിയർപ്പുള്ള,
കണ്ണുനീരണിഞ്ഞ,
ഹൃദയമുള്ള
നന്മനിറഞ്ഞ നാടോടിപ്പാട്ടുകൾ
മാലാഖമാർ ഏറ്റുപാടുകയാണ്.
                              _________________

ഞാൻ അന്വേഷിച്ചു നോക്കി
             എവിടെയാണവൻ?
ശ്രേഷ്ഠമായ വാക്കുകളിൽ
വാചാലനായ, തീക്ഷ്ണമതിയായ ഒരാൾ പറഞ്ഞു -
            നീ ഇത് കേൾക്കണം, അനുവർത്തിക്കണം
            ഈശ്വരൻ  നേരിൽ പറഞ്ഞ വാക്കുകളാണിവ
            അവൻ രൂപപ്പെടുത്തിയ ചിട്ടകൾ
            ഇത് മാത്രമാണ് സത്യം, വേറിട്ട് നീ ചിന്തിക്കരുത്
            ഞാൻ ചൊല്ലിത്തന്നത് മാത്രം നീ ആവർത്തിക്കുക
            വേറൊരു വഴി ഇല്ല തന്നെ

വഴിയരുകിൽ അതാ ഒരു അപരിചിതൻ
ആ കണ്ണുകളിൽ തിളക്കമുണ്ടായിരുന്നു
അവൻ പറഞ്ഞു:
           ഞാനും തേടുകയാണ്...
           എങ്ങനെ അവനെ അറിയാം?
           നീ പാടൂ, അവൻ കൂടെ പാടും,
           വേദന പറയൂ, അവൻ കേൾക്കും,
           കൂടെ നടക്കും, നീ വളരും!

ഞാൻ അന്വേഷിച്ചു നടന്നപ്പോൾ എന്നോടൊപ്പം അങ്ങനെ ഒരാൾ ഉണ്ടായിരുന്നല്ലോ!
        എവിടെനിന്നാണവൻ?
        ബെത്‌ലെഹെമിൽ നിന്ന്
        ബെത്‌ലെഹെം? എൻ്റെ നാട്ടിൽ നിന്നോ?
        തീർത്ഥമില്ലാതെ, പുണ്യപുരുഷന്റെ ഭാവമില്ലാതെ
        എൻ്റെ കൂടെ നടന്നവൻ
        എൻ്റെ പരിഭവങ്ങൾ ക്ഷമയോടെ കേട്ടവൻ
        അവനു വേണ്ടിയോ ഞാൻ എവിടെയൊക്കെയോ അലഞ്ഞു നടന്നത്?

ബെത്‌ലെഹെം എനിക്കരികെയാണ്!
നന്മയിൽ പിറക്കുന്ന ശാന്തി
ഹൃദയത്തിലുണരുന്ന ഗീതം,
ജീവസ്പർശമേറ്റ ഭക്തി
ദിവ്യ സങ്കീർത്തനം
മാലാഖമാർ അത് ഏറ്റുപാടും
                                   _____________
പ്രപഞ്ചത്തിലെ നന്മയുടെ മഹാവിളക്ക് അല്പമായെങ്കിലും മനുഷ്യരൂപം ധരിച്ചു നമ്മളിലുണ്ടെന്നതിന്റെ അടയാളമാണ് നമ്മിലുള്ള നന്മ. ആ നന്മയാണ് നമ്മെ ഏകീകരിക്കുന്നത്. പ്രപഞ്ചത്തിന്റെ ഓരോ തരിയിലും നന്മയുടെയും സൗന്ദര്യത്തിന്റെയും കണികകൾ ഉണ്ട്. നന്മ പ്രകടമാകുമ്പോളാണ് ശാന്തി പുലരുന്നത്.

സമാധാനം വെറും ആശംസാഗീതമാകരുത്. നന്മ ജനിപ്പിക്കുന്ന സമാധാനത്തെ തൊട്ടറിഞ്ഞുകൊണ്ടു ശാന്തിമന്ത്രങ്ങൾ പ്രതിധ്വനിക്കുകയാണ്.
ആരുമറിയാത്ത എത്രയോ നന്മകളാണ് പ്രകൃതി കനിഞ്ഞു നൽകുന്നത്. ഉദാരതയോടെ നല്കിയവയെ നമ്മൾ ചൂഷണം ചെയ്തു.
പറഞ്ഞറിയിക്കപ്പെടുന്ന നന്മകൾക്ക് സ്തുതിപാഠകർ ഏറും
നമ്മിലെ കൊച്ചു നന്മ ബെത്‌ലെഹെമിലെ ഉണ്ണിക്കുവേണ്ടി ഒരു കൊച്ചുവിളക്ക് തെളിയിക്കുന്നുണ്ട്.

എന്നിലെ തിന്മ മാത്രമല്ല, ഞാൻ കൊട്ടിഘോഷിക്കുന്ന നന്മയും ആ ഉണ്ണിക്കുമീതെ വലിയ വാൾ ഉയർത്തുന്നുമുണ്ട്.
അവിടെ വീണ്ടും വീണ്ടും പിറക്കുന്നത് ഞാൻ തന്നെയാണ്.

No comments:

Post a Comment

Most Viewed

Featured post

Flower of Time

Next year, by this time, we may be there, I may have a job, I will have paid back the loan, and we should have a house. My medications may b...