തളിരുകൾ

12 December 2017

ആരെന്നെ കൊണ്ടുപോകും, ബെത്‌ലെഹെമിലെക്ക്?

നല്ല തണുപ്പുള്ള മഞ്ഞുകാലത്ത്, രാവിലെ സൂര്യന്റെ ഇളംചൂട് എത്രയോ ആസ്വാദ്യമാണ് - അതൊരു സാന്ത്വനമാണ്. നീതിസൂര്യൻ സൗഖ്യത്തിന്റെ കിരണങ്ങളുമായി ഉദിച്ചുയരും എന്ന് പ്രവാചകൻ പറയുന്നു.

സൗഖ്യവും, തുടർന്ന് ജീവിക്കാനുള്ള ബലവും നമുക്കാവശ്യമാണ്. ഈ സൗഖ്യപ്രക്രിയയിൽ, മാലിന്യങ്ങൾ നീക്കപ്പെടണം (detoxification), മരുന്ന് നൽകണം (medication), മുറിവുകൾ വച്ച് കെട്ടണം (bandaging), വിശ്രമിക്കണം (resting).

സൗഖ്യപ്പെട്ട ഒരു ബെത്‌ലെഹെം സമൂഹത്തെ രൂപപ്പെടുത്തുക എന്നത് ക്രിസ്തു നമ്മെ പ്രാപ്തരാക്കിയ കൃപാജീവിതത്തിലേക്കു നമ്മൾ വളരുക എന്നതാണ്. നമുക്കിടയില്‍, നമ്മിൽ വസിച്ചുകൊണ്ട് ആ സൗഖ്യപ്രക്രിയ അവൻ പൂർത്തിയാക്കുന്നു. അടക്കപ്പെട്ട എല്ലാ കൃപാചാലകങ്ങളും അവന്റെ പ്രവൃത്തിയാൽ തുറക്കപ്പെടും, വ്യക്തിപരമായതും, സാമൂഹികമായതും.

സ്വന്തം മുറിവുകളെ അംഗീകരിക്കുന്ന സ്വശരീരത്തെ ക്രിസ്തുവും അഭിമാനിക്കും. ബെത്‌ലെഹെമിലെ ഉണ്ണിമിശിഹാ അനേകരാൽ കരുത്തപ്പെട്ടതുപോലെ നമുക്കും അനേകരുടെ കരുതലുകൾ ആവശ്യമുണ്ട്.

സൗഖ്യത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന ഈ സമരിയാക്കാരൻ ആരാണ്? സൽപ്രവൃത്തി ചെയ്ത സമരിയാക്കാരനിലെ ഉപകാരിയുടെ വേഷം എടുത്തണിഞ്ഞു നല്ല സമരിയക്കാരനായി കാണപ്പെടുവാൻ നമുക്കിഷ്ടമല്ലേ? എന്നാൽ വ്യക്തിപരമായും, സഭയായും നമുക്കുതന്നെ സമരിയക്കാരന്റെ ആവശ്യമില്ലേ? ഉപമയിലെ അനുകരണീയമായ വ്യക്തിത്വമല്ല അവനു നല്കപ്പെട്ടിരുന്നത്. നമ്മിലെ നീതിനിഷ്ഠ ഭ്രഷ്ടുകല്പിച്ചു മാറ്റിനിർത്തിയവരാണ് സമരിയക്കാരൻ. ഈശ്വരനിഷേധിയെന്നു വിധിക്കപ്പെട്ട നിരീശ്വരരോ ശാസ്ത്രജ്ഞരോ, ഈശ്വരജ്ഞാനമില്ലെന്നു നാം വിധിച്ചുകളഞ്ഞ അന്യമതക്കാരോ ആകാം അത്. ആ സമരിയക്കാരന്റെ ദയയേറ്റുവാങ്ങി ചുമലിലേറി പോകേണ്ടതുണ്ട് നമ്മിലെ അന്ധത നീക്കാൻ. അവരുടെ അലിവിലാകാം നമ്മുടെ സൗഖ്യപ്രക്രിയ പൂർത്തിയാകുന്നത്, നമ്മുടെ കാഴ്ച തെളിയുന്നത്, മിശിഹായെ കാണാൻ. 

ബെത്‌ലെഹെമിലെ ശൂന്യതയിൽ പിറക്കാത്തതൊന്നും ജറുസലേമിൽ മഹിമ പ്രതീക്ഷിക്കരുത്. വിശുദ്ധവീഥികളിൽ പിറക്കാനിടം കിട്ടാത്ത ക്രിസ്തു ജനിക്കുന്നത്, സമ്പർക്കമരുതാത്തവർ കൂട്ടിക്കൊണ്ടുപോയി ഏല്പിച്ചുകൊടുത്ത സത്രത്തിലെ ഇടനാഴിയിലാകാം. ആ ഇടനാഴിയിൽ അഴുക്കുകൾ ഏറെയെങ്കിലും മനുഷ്യപുത്രൻ പിറക്കുന്നത് അവിടെയൊക്കെയാണ്. അവർക്കവകാശപ്പെടാൻ എന്ത് ധാർമികതയാണുള്ളത് - അവർക്കിടയിൽ പിറന്ന ദൈവപുത്രനല്ലാതെ. 'അഭിഷേക'മില്ലാത്ത പാപികളാണവർ, വീഞ്ഞ് കുടിക്കുകയും, കുഴലൂതുകയും, നൃത്തം ചെയ്യുകയും ചെയ്യുന്നവർ, എടുത്തു കാണിക്കാൻ ഉപവാസത്തിന്റെയും ജാഗരണത്തിന്റെയും എണ്ണം കൈമുതലായില്ലാത്തവർ. എങ്കിലും വാഗ്ദാനത്തിന്റെ അഗ്നിസ്തംഭം ചെറുമിന്നാമിനുങ്ങായാണെങ്കിലും അവരുടെ ഇടയിൽ ഇടയ്ക്കിടയ്ക്ക് വന്നുപോകാറുണ്ട്. സർവ്വേശ്വരന് സ്തുതിഗീതങ്ങളാലപിക്കുന്ന സ്വർഗദൂതർ, ഇവരുടെ ഹൃദയസുകൃതങ്ങളുടെ സമാധാനം സ്പർശിച്ചു പുതുരാഗങ്ങൾ രചിക്കാറുണ്ട്.

No comments:

Post a Comment

Most Viewed

Featured post

Remain in my love

We are on the 6th Sunday of Easter. Have we met the risen Christ? In opening the Scriptures and breaking of the bread, the Church has been l...